തിരുവനന്തപുരം: ഈ സര്‍ക്കാരിന്‍റെ കാലത്ത് 2024 ഡിസംബര്‍ 31 വരെ 87702 എന്‍.ഡി.എപി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഇതില്‍ 87389 കേസുകളിലായി 94886 പേരെ പ്രതി ചേര്‍ക്കുകയും 93599 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും നിയമസഭിയിൽ മുഖ്യമന്ത്രി രമേശ് ചെന്നിത്തലയുടെ ഉപക്ഷേപത്തിന് മറുപടി നൽകി.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലയളവില്‍ (201621 വരെ) 37340 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 37228 കേസുകളിലായി 41567 പേരെ പ്രതി ചേര്‍ക്കുകയും 41378 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് മയക്കുമരുന്ന് സംഭരണത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരുന്നവര്‍ക്കെതിരെ ഡി ഹണ്ട് ( പ്രത്യേക ഡ്രൈവ്) ഈ ഡ്രൈവിന്‍റെ ഭാഗമായി 17246 പേരെ പരിശോധിച്ചു. അതില്‍ വിവിധ തരത്തിലുള്ള മയക്കുമരുന്ന് കൈവശം വെച്ചതിന് 2762 കേസുകളിലായി 2854 പേരെ അറസ്റ്റ് ചെയ്തു.
എം.ഡി.എം.എ 1.312 കിലോഗ്രാം, കഞ്ചാവ് 153.56 കിലോഗ്രാം, ഹാഷിഷ് ഓയിര്‍ 18.15 ഗ്രാം, ബ്രൗണ്‍ഷുഗര്‍ 1.855 ഗ്രാം, ഹെറോയിന്‍ 13.06 ഗ്രാം വിവിധയിനം മയക്കുമരുന്ന് ഗുളികകള്‍ എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുക്കുകയുണ്ടായി.
ക്രമസമാധാന ചുമതലയുള്ള പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്‍റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു.
9497927797 എന്ന നമ്പറിലേക്ക് നല്‍കുന്ന എല്ലാ സന്ദേശങ്ങളും രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുക. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ ഈ സംവിധാനം വഴി അറിയിക്കാന്‍ കഴിയും.
ഹൈദരാബാദിലെ വന്‍കിട മയക്കുമരുന്ന് നിർമാണ ശാല നടത്തുന്ന വ്യക്തിയെ ഹൈദരാബാദില്‍ പോയി അറസ്റ്റ് ചെയ്തത് തൃശ്ശൂര്‍ സിറ്റി പൊലീസാണ്. മയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരെ കേരളത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനം മോശമാണെന്ന് പറയുന്നവര്‍ ഇതുകൂടി കാണണം. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളില്‍ ശിക്ഷാനിരക്ക് (കണ്‍വിക്ഷന്‍ റേറ്റ്) 98.19 ശതമാനമാണ്. ഇതിലെ ദേശീയ ശരാശരി 78.1 ശതമാനമാണ്. തെലങ്കാനയില്‍ 25.6 ശതമാനവും ആന്ധ്രാപ്രദേശില്‍ 25.4 ശതമാനവുമാണ്. ഈ വിവരങ്ങള്‍ രാജ്യസഭയില്‍ 2022 ഡിസംബര്‍ 22ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ ഉള്ളതാണ്
മയക്കുമരുന്ന് കേസുകളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന് ശിക്ഷാ നിരക്ക് കേരളത്തിലാണെന്ന് ഇതില്‍നിന്നും കാണാന്‍ കഴിയും. സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും കാര്യക്ഷമമല്ലായെന്നാണോ ഇത് തെളിയിക്കുന്നത്? കേരളത്തില്‍ 2024 ല്‍ എന്‍.ഡിപി.എസ് കേസുകളില്‍ 4,474 പേരെ ശിക്ഷിച്ചപ്പോള്‍ 161 പേരെ മാത്രമാണ് വെറുതെ വിട്ടത്. 2023 ല്‍ 4,998 പേരെ ശിക്ഷിച്ചപ്പോള്‍ 100 പേരെ മാത്രമാണ് വെറുതെ വിട്ടത്.
മയക്കുമരുന്ന് കേസുകളില്‍ (എന്‍.ഡി.പി.എസ്) സംസ്ഥാനത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ 2024 ല്‍ അറസ്റ്റു ചെയ്തത് 24,517 പേരെയാണ്. പഞ്ചാബില്‍ ഇതേ കാലയളവില്‍ 9,734 പേരെയാണ് അറസ്റ്റ് ചെയ്തത്. വിമുക്തി ഡി അഡിക്ഷന്‍ പരിപാടി വഴി 1,36,500 പേരെ ഔട്ട് പേഷ്യന്റായും 11,078 പേരെ ഇന്‍ പേഷ്യന്റായും ചികിത്സിച്ചിട്ടുണ്ട്. വളരെ കാര്യക്ഷമമായാണ് ഈ പരിപാടി നടന്നുവരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 10.02.2025 ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2024 ല്‍ 25,000 കോടി വിലമതിപ്പുള്ള മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് 2023 ല്‍ 16,100 കോടിയായിരുന്നു. ദേശീയ തലത്തില്‍ ഒരു വര്‍ഷക്കാലയളവില്‍ 55 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 100 കോടിക്കു താഴെയാണ്. താരതമ്യേന ഇത് കുറവാണ്. എന്നാല്‍ ശിക്ഷാ നിരക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നതാണ്. സംസാരിക്കുന്ന ഈ കണക്കുകള്‍ നമ്മുടെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ കാര്യക്ഷമതയാണിത് കാണിക്കുന്നത്.
ഐക്യ രാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടും 2011 ല്‍ 24 കോടി ആളുകള്‍ ലഹരി ഉപയോഗിച്ചിരുന്നപ്പോള്‍ 2021ൽ അത് 296 കോടിയായി വർധിച്ചു. ആഗോളതലത്തിലെ വന്‍വർധനവ്. 1,173 ശതമാനത്തിന്റെ വർധനയെന്നും മുഖ്യമന്ത്രി പറഞ്ഞു.



