ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. ഡൽഹിയിലെ സാകേത് സെഷൻസ് കോടതിയാണ് കേസിലെ വിധി പറഞ്ഞത്. രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കേസിലെ അഞ്ചാം പ്രതിയായ അജയ് സേഥിക്ക് മൂന്ന് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്.
15 വർഷത്തിന് ശേഷമാണ് അഡീഷണൽ സെഷൻസ് ജഡ്ജി എസ്.രവീന്ദർ കുമാർ പാണ്ഡേ കേസിൽ വിധി പറഞ്ഞത്. കേസിനെ അപൂർങ്ങളിൽ അപൂർവമായി പരിഗണിക്കാനാവില്ലെന്നും അതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകുന്നില്ലെന്നും ജഡ്ജി വ്യക്തമാക്കി.ഡൽഹിയിൽ മാധ്യമപ്രവർത്തകയായ സൗമ്യ വിശ്വനാഥൻ 2008 സെപ്തംബർ 30നാണ് വെടിയേറ്റ് മരിച്ചത്. ജോലി കഴിഞ്ഞ മടങ്ങുന്നതിനിടെ സൗത്ത് ഡൽഹിയിലെ നെൽസൺ മണ്ഡേല മാർഗിൽ വെച്ചായിരുന്നു അവർക്ക് വെടിയേറ്റത്. മോഷണം ലക്ഷ്യമിട്ടാണ് പ്രതികൾ സൗമ്യക്ക് നേരെ വെടിയുതിർത്തതെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ശിക്ഷാവിധിയിൽ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു.