ന്യൂഡല്‍ഹി: ഇന്ത്യയെയും പ്രധാനമന്ത്രി മോദിയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ മഹത്തായ രാജ്യമെന്നും അതിനെ നയിക്കുന്നത് തന്റെ പ്രിയ സുഹൃത്താണ് എന്നും ട്രംപ് പറഞ്ഞു. ഗാസയിലെ ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിച്ച പ്രഖ്യാപനം നടത്തിക്കൊണ്ട് ലോകനേതാക്കള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദിയിലുണ്ടായിരുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ നോക്കിക്കൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെയും അവരുടെ സൈനിക തലവന്‍ ജനറല്‍ അസിം മുനീറിനെയും പ്രകീര്‍ത്തിച്ച ട്രംപ്, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഷഹബാസ് ഷരീഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ട്രംപിനെ സമാധാന നോബേലിനായി ഒരിക്കല്‍ കൂടി ശുപാര്‍ശ ചെയ്യുമെന്ന് പറഞ്ഞതായിരുന്നു ഷഹബാസ് ഷരീഫിന്റെ പ്രസംഗം. ട്രംപ് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വെറെ തലത്തിലേക്ക് മാറുമായിരുന്നുവെന്നും അത് കാണാന്‍ എത്ര പേര് ബാക്കിയുണ്ടാകുമെന്ന് പോലും അറിയാത്തവിധമാകുമായിരുന്നുവെന്നും പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. വെടിനിര്‍ത്തലിനായി ട്രംപ് നിരന്തരം പ്രയത്‌നിച്ചു. ഇതിനാലാണ് ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതെന്നും ഷഹ്ബാസ് ഷെരീഫ് പറഞ്ഞു.



