പാൽഘർ: മഹാരാഷട്രയിലെ പാൽഘറിൽ നായാട്ടിനിടെ സുഹൃത്തുക്കൾ കാട്ടുപന്നിയെന്ന് കരുതി വെടിവെച്ചിട്ടത് ഉറ്റ സുഹൃത്തിനെ. സുഹൃത്തുക്കൾക്കൊപ്പം പോയ ഭർത്താവിനെ കാണാതായതോടെ ഭാര്യ നൽകിയ പരാതിയിലാണ് കൊലപാതകം ചുരുളഴിയുന്നത്. രമേഷ് വർത്തായെന്ന യുവാവാണ് നായാട്ടിനിടെ കൊല്ലപ്പെട്ടത്.
ജനുവരി 28 നായിരുന്നു ഷാഹാപുരിൽ നിന്ന് പന്ത്രണ്ടംഗ സംഘം വേട്ടയ്ക്കായി പോയത്. ഇതിന് മുന്നോടിയായി രമേഷിനേയും സംഘം നായാട്ടിന് ക്ഷണിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം വരാമെന്നായിരുന്നു രമേഷ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം രമേഷ് സുഹൃത്തുക്കൾക്കടുത്തേയ്ക്ക് നായാട്ടിനായി പോയി. ഇതിനിടെ കാലടി ശബ്ദം കേട്ട് കാട്ടുപന്നിയാണെന്ന് കരുതി സുഹൃത്തുക്കളിൽ ഒരാൾ വെടിയുതിർത്തു. എന്നാൽ വെടികൊണ്ടത് രമേഷിനായിരുന്നു. ഭയന്നുപോയ സംഘം രമേഷിൻ്റെ മൃതദേഹം പ്രദേശത്തുള്ള ഒരു മരത്തിന് താഴെ ഒളിപ്പിച്ചു. സംഭവം ആരും അറിയാതിരിക്കാൻ സംഘം പരമാവധി ശ്രമിച്ചു.