പി.പി ചെറിയാൻ
മിനസോട്ട:മിനസോട്ടയിലെ ഒരു പള്ളിയിൽ നടന്ന പ്രതിഷേധത്തിനിടെ നിയമലംഘനം നടത്തിയെന്നാരോപിച്ച് മുൻ സിഎൻഎൻ മാധ്യമപ്രവർത്തകൻ ഡോൺ ലെമണെ ലോസ് ഏഞ്ചൽസിൽ വച്ച് ഫെഡറൽ ഏജന്റുകൾ അറസ്റ്റ് ചെയ്തു. നിലവിൽ സ്വതന്ത്ര മാധ്യമപ്രവർത്തകനായി ജോലി ചെയ്യുന്ന ലെമൺ, ഗ്രമ്മി അവാർഡ് റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ബെവർലി ഹിൽസിൽ വച്ച് പിടിയിലായത്.
മിനസോട്ടയിലെ സെന്റ് പോളിലുള്ള ഒരു പള്ളിയിലേക്ക് ഐസിഇ (ICE) വിരുദ്ധ പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇമിഗ്രേഷൻ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ ഈ പള്ളിയിൽ പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നുണ്ട്.
പള്ളിയിലെ ശുശ്രൂഷ തടസ്സപ്പെടുത്തിയെന്നും, ഗൂഢാലോചന നടത്തിയെന്നും ഡോൺ ലെമണിനെതിരെ ആരോപണമുണ്ട്. എന്നാൽ താൻ ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനാണ് അവിടെ എത്തിയതെന്ന് ലെമൺ വ്യക്തമാക്കി.
ട്രംപ് ഭരണകൂടം മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണെന്ന് ലെമണിന്റെ അഭിഭാഷകരും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമും ആരോപിച്ചു. പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നാണ് ഇവരുടെ പക്ഷം.
കോടതിയിൽ ഹാജരാക്കിയ ലെമണെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്നും, മാധ്യമപ്രവർത്തനം തുടരുമെന്നും കോടതിക്ക് പുറത്തിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.



