ന്യൂഡൽഹി: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തിസ്ഗഢിലെ ബി.ജെ.പി സർക്കാർ ജയിലിലടച്ച രണ്ട് മലയാളി കന്യാസ്ത്രീകൾ ഒമ്പത് ദിവസത്തിനുശേഷം മോചിതരാകുന്നതിന്റെ പിതൃത്വമേറ്റെടുക്കാൻ യു.ഡി.എഫ്-എൽ.ഡി.എഫ് നേതാക്കളോട് ബി.ജെ.പികൂടി മത്സരിച്ചതോടെ ജയിലിന് മുന്നിൽ തിക്കുംതിരക്കുമായി. ദുർഗ് സെൻട്രൽ ജയിലിന് മുന്നിൽനിന്ന് ലൈവായി വാർത്തകൾ നൽകുന്ന ചാനലുകൾക്ക് മുന്നിൽപെടാൻ പല കോപ്രായങ്ങളും നേതാക്കൾ കാണിച്ചു.
കന്യാസ്ത്രീകളെ പിടികൂടി ഒമ്പത് ദിവസം ജയിലിലിട്ടത് ഛത്തിസ്ഗഢിലെ ബി.ജെ.പി സർക്കാറാണെന്ന മനസ്സാക്ഷിക്കുത്ത് ഒട്ടുമില്ലാതെ മോചനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ കേരളത്തിലെ ബി.ജെ.പി നേതാക്കൾ ജയിലിന് പുറത്ത് കാമറകൾക്ക് മുന്നിൽ ഔചിത്യമില്ലാതെ മത്സരിച്ചു. ഉച്ചയോടെ ജാമ്യവിവരം അറിഞ്ഞ സന്തോഷത്താൽ സിസ്റ്റർ പ്രീതിയുടെ സഹോദരൻ ബൈജു സമീപത്തുണ്ടായിരുന്ന റോജി എം. ജോൺ എം.എൽ.എയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.
സ്വാഭാവികമായ ഈ വികാരപ്രകടനം ചാനലുകൾ ചിത്രീകരിച്ചതോടെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി അവിടേക്ക് ഓടിയെത്തി. റോജി എം. ജോണിനെ വകഞ്ഞുമാറ്റി ബൈജുവിനെ ബലമായി കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.
ഇതിനിടെ റോജി എം. ജോണിനോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോൾ ഇടയിൽ കയറി മറുപടി പറഞ്ഞതും അനൂപ് ആന്റണി. ‘ഏറെ സന്തോഷമുള്ള ദിവസമാണെന്നും ഞാനിവിടെ വന്നിട്ട് ഏഴെട്ട് ദിവസമായെന്നും’ അനൂപ് ആന്റണി പറഞ്ഞു. ബി.ജെ.പിയുടെ ഷോൺ ജോർജും അവിടേക്ക് എത്തി.
ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ സിസ്റ്റർമാരായ വന്ദന ഫ്രാൻസിസും പ്രീതി മേരിയും ദുർഗ് ജയിലിൽനിന്ന് പുറത്തുവന്നപ്പോൾ സ്വീകരിക്കാൻ കന്യാസ്ത്രീകളുടെ ബന്ധുക്കൾക്കൊപ്പം യു.ഡി.എഫ്, എൽ.ഡി.എഫ് ജനപ്രതിനിധികളായ ജോസ് കെ. മാണി, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, ജെബി മേത്തർ, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ എന്നിവരും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ജനറൽ സെക്രട്ടറി അനൂപ് ആന്റണി തുടങ്ങിയവർ ജയിലിന് പുറത്തുണ്ടായിരുന്നു.
കുറച്ച് സമയത്തിനുശേഷം രാജീവ് ചന്ദ്രശേഖർ കാറിൽ മദർ സുപ്പീരിയറും ഏതാനും കന്യാസ്ത്രീകളുമായി വന്ന് ജയിൽ കവാടത്തിലേക്ക് പോയി. ഇവിടേക്ക് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളും എത്തി. കന്യാസ്ത്രീകൾ പുറത്തിറങ്ങിയതോടെ ഒപ്പം നിൽക്കാനായി നേതാക്കളുടെ മത്സരം.
അതിനിടയിൽ ജയിൽ മോചിതരായ കന്യാസ്ത്രീകളെ രാജീവ് ചന്ദ്രശേഖർ തന്റെ കാറിൽ കയറ്റി സമീപത്തെ മഠത്തിലേക്ക് കൊണ്ടുപോയി. ഇതിനുശേഷം മാധ്യമങ്ങളെ കണ്ട രാജീവ് ചന്ദ്രശേഖറിനോട് കന്യാസ്ത്രീകളെ ബി.ജെ.പി സർക്കാർതന്നെ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരിക്കെ മോചനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മത്സരിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം ക്ഷുഭിതനായി തനിക്കൊന്നും പറയാനില്ലെന്നും പറഞ്ഞ് കാറിൽ കയറി പോയി.
ബി.ജെ.പിയുടെ ആഭാസനാടകമാണ് ജയിലിന് പുറത്ത് നടന്നതെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. ബി.ജെ.പി ആദ്യം കേസ് പിൻവലിച്ച് കാണിക്കട്ടെയെന്ന് ചാണ്ടി ഉമ്മനും പറഞ്ഞു.



