ന്യൂഡല്‍ഹി: റഷ്യയുടെ വിജയത്തിന്റെ (Great Patriotic War) 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 9 ന് മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ നടക്കുന്ന പരേഡില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിക്കാന്‍ സാധ്യയതയെന്ന് റിപ്പോര്‍ട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റെഡ് സ്‌ക്വയറില്‍ നടക്കുന്ന പരേഡില്‍ ഇന്ത്യന്‍ സായുധ സേനയുടെ ഒരു സെറിമോണിയല്‍ യൂണിറ്റും പങ്കെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റിഹേഴ്സലിനായി സേനാംഗങ്ങള്‍ കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും റഷ്യയില്‍ എത്തിച്ചേരേണ്ടിവരും.
മെയ് 9 ന് മോസ്‌കോയില്‍ നടക്കുന്ന യുദ്ധത്തിലെ വിജയ വാര്‍ഷികത്തിന്റെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ നിരവധി രാജ്യങ്ങളെ ക്ഷണിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് നേരത്തെ പറഞ്ഞിരുന്നു.