വെർജീനിയ: യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെർജീനിയയിലെ ഐ-264 ഹൈവേയിൽ വാഹനം തട്ടി യുവാവ് മരിച്ചു. ജോസ് കാസ്ട്രോ-റിവേര എന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹമാണ് നോർഫോക്കിൽ വച്ച് നടന്ന ദാരുണമായ സംഭവത്തിൽ കൊല്ലപ്പെട്ടത്.
വെർജീനിയ സ്റ്റേറ്റ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ഇമിഗ്രേഷൻ നിയമനടപടികളുടെ ഭാഗമായി ഐസിഇ ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥർ വാഹനം തടഞ്ഞപ്പോൾ കാസ്ട്രോ-റിവേര വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും തിരക്കേറിയ ഹൈവേ മുറിച്ച് കടക്കുന്നതിനിടെ ഒരു 2002 ഫോർഡ് പിക്കപ്പ് ട്രക്ക് ഇദ്ദേഹത്തെ ഇടിക്കുകയുമായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ ഇദ്ദേഹം മരിച്ചതായി വിഎസ്പി അറിയിച്ചു. എന്നാൽ ഐസിഇ ഉദ്യോഗസ്ഥർ പിന്തുടർന്നപ്പോഴല്ല അപകടം നടന്നതെന്നും, ഇദ്ദേഹത്തെ തടയാൻ ശ്രമിച്ച ഐസിഇ ഓഫിസർമാർ ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകിയെന്നും, എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്നും ഐസിഇ വ്യക്തമാക്കി. ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



