ദോഹ: യുഎസ് യുക്രെയ്നിനു നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്ത മകൻ, ഡോണൾഡ് ട്രംപ് ജൂനിയർ. ഖത്തറിൽ ദോഹ ഫോറത്തിൽ സംസാരിക്കവേയാണ് ഡോണൾഡ് ട്രംപ് ജൂനിയറിന്റെ പരാമർശം.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെ വിമർശിച്ചും ട്രംപ് ജൂനിയർ സംസാരിച്ചു. യുക്രെയ്നിൽ തിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കില്ലെന്ന് സെലെൻസ്കിക്ക് അറിയാമെന്നും അതിനാലാണ് യുദ്ധം അവസാനിപ്പിക്കാതെ നീട്ടികൊണ്ടുപോകുന്നതെന്നും ട്രംപ് ജൂനിയർ പറഞ്ഞു. റഷ്യയെക്കാൾ അഴിമതി നിറഞ്ഞ രാജ്യം യുക്രെയ്നാണെന്നും ട്രംപ് ജൂനിയർ വിമർശിച്ചു. റഷ്യയ്ക്കെതിരായ യുറോപ്യൻ ഉപരോധങ്ങളെയും അദ്ദേഹം വിമർശിച്ചു. ഉപരോധങ്ങൾ മൂലം റഷ്യയിലെ എണ്ണ വില വർധിച്ചെന്നും ഈ പണം റഷ്യയ്ക്കു യുദ്ധത്തിനായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ ട്രംപ് ജൂനിയർ ഔദ്യോഗിക പങ്കു വഹിക്കുന്നില്ല എന്നിരുന്നാലും യുഎസിലെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ൻ’ മൂവമെന്റിലെ പ്രധാന വ്യക്തിത്വമാണ് ഡോണൾഡ് ട്രംപ് ജൂനിയർ.



