ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ യുകെയിലെ നാല് പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. നോർത്താംപടൺക്ഷർ പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് സംഭവുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട് നോട്ടീസ് ഇൻഡിപെൻഡന്റ് ഓഫിസ് ഫോർ പൊലീസ് കണ്ടക്റ്റ് (ഐഒപിസി) നൽകി.
2024 ഓഗസ്റ്റിൽ ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്തിട്ടും ഹർഷിത ബ്രെല്ല(24)യുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ഈ പരാതിയിൽ നടപടി സ്വീകരിച്ചിരുന്നെങ്കിൽ കൊലപാതകം തടയുമായിരുന്നുവെന്ന് ഹർഷിതയുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
സെപ്റ്റംബർ 3ന് കേസിൽ പ്രതിയായ പങ്കജ് ലാംബയെ അറസ്റ്റ്ചെയ്ത ശേഷം പിന്നീട് സോപാധിക ജാമ്യത്തിൽ നോർത്താംപടൺക്ഷർ പൊലീസ് വിട്ടയച്ചതായി ഐഒപിസി കണ്ടെത്തി. തുടർന്നാണ് ഹർഷിതയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ കണ്ടെത്തിയത്.
കേസിൽ ഗാർഹിക പീഡനം നടന്നതായി കണ്ടെത്തിയതിനാൽ ഡൽഹി പൊലീസ് ഹർഷിതയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഭർത്താവ് പങ്കജ് ലാംബയുടെ (23) പിതാവ് ദര്‍ശന്‍ സിങും അമ്മ സുനിലുമാണ് അറസ്റ്റിലായത്. കേസിൽ പ്രതി ചേർത്തിട്ടുള്ള പങ്കജ് ലാംബയുടെ സഹോദരി ഉമ ഒളിവിലാണ്. ഗാര്‍ഹിക പീഡനം, സ്ത്രീധനം വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് മാതാപിതാക്കളുടെ പേരിലുള്ളത്. കേസിലെ മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ഹര്‍ഷിതയുടെ ഭര്‍ത്താവ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി ഡൽഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
യുകെയിലെ നോർത്താംപ്ടൺക്ഷറിൽ താമസിച്ചിരുന്ന ഹർഷിത ബ്രെല്ല കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പങ്കജ് ലാംബയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി നോർത്താംപടൺക്ഷറർ പൊലീസ് അറിയിച്ചു. ഇയാൾ രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.