ഫ്ലോറിഡ : റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുക്രെയ്‌ൻ പ്രതിനിധി സംഘവുമായി നടത്തിയ ചർച്ച ഫലപ്രദമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുദ്ധം അവസാനിക്കുന്നതിന് ഇനിയും ജോലി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇതൊരു സങ്കീർണമായ വിഷയമാണ്. ഇതിൽ മറ്റൊരു കക്ഷി കൂടി ഉൾപ്പെട്ടിട്ടുണ്ട്.
അവരെയും ചർച്ചയുടെ ഭാഗമാക്കേണ്ടി വരും. ഈ ആഴ്ച അവസാനം ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തി റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തും. ഞങ്ങൾ റഷ്യയുമായി വിവിധ തലങ്ങളിൽ ബന്ധപ്പെടുന്നുണ്ട്. അതിനാൽ അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ചും ഞങ്ങൾക്ക് നല്ല ധാരണയുണ്ട്’ – മാർക്കോ റൂബിയോ പറഞ്ഞു.
‘ധാരണയിലെത്തുക എന്നത് എത്രത്തോളം പ്രയാസകരമാണെന്ന് ബോധ്യമുണ്ട്. എങ്കിലും ശുഭാപ്‌തിവിശ്വാസമുണ്ട്. ചർച്ചയിൽ പുരോഗതി കൈവരിച്ച സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കുക എന്നതു മാത്രമല്ല യുക്രെയ്‌ന്റെ ഭാവി സുരക്ഷിതമാക്കുക എന്നതു കൂടി ലക്ഷ്യമാണ്. യുക്രെയ്‌ന് ഇതുവരെ ഉണ്ടായിരുന്നതിനേക്കാൾ സമൃദ്ധമായ ഒരു ഭാവിയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. യുക്രെയ്‌ന് പരമാധികാരവും സ്വാതന്ത്ര്യവും നിലനിർത്തുന്ന പാത സൃഷ്ടിക്കുകയാണ് ലക്ഷ്യം.’ – റൂബിയോ പറഞ്ഞു. മാർക്കോ റൂബിയോയുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്ന് യുക്രെയ്‌ൻ പ്രതിനിധികളും പറഞ്ഞു.



