ഗാസ മുനമ്പിൽ ഹമാസിനെതിരെ ഇസ്രായേൽ പൂർണ്ണ സന്നാഹത്തോടെ പോരാട്ടം പുനരാരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ‘യുദ്ധത്തിനിടെമാത്രമേ ചർച്ചകൾ നടക്കൂ. ഇന്നലത്തെ ആക്രമണം ഒരു തുടക്കം മാത്രമാണ്. ” – അദ്ദേഹം പറഞ്ഞു. ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ 400-ലധികം പേർ കൊല്ലപ്പെട്ടു, നൂറുകണക്കിന് പേർക്ക് പരുക്കേറ്റു.
ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികള്‍ തടവിലാക്കിയ എല്ലാ ബന്ദികളെ മോചിപ്പിക്കുക എന്നീ യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു വരെ ഇസ്രായേല്‍ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും ദേശീയ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മര്‍ദ്ദം അനിവാര്യമാണെന്ന് മുന്‍കാലസംഭവങ്ങള്‍ തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ ഹമാസ് ലക്ഷ്യങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ വിമാനങ്ങൾ വൻ വ്യോമാക്രമണങ്ങൾ നടത്തിയതെന്ന് നെതന്യാഹു അവകാശപ്പെട്ടു. ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണമായിരുന്നു ഇന്നലത്തേത്.
ഈ പുതിയ ആക്രമണ തരംഗം സൂചിപ്പിക്കുന്നത് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കാനുള്ള പദ്ധതികൾ നടക്കില്ല എന്നുതന്നെയാണ്. ഈ വെടിനിർത്തൽ കരാർ വന്നപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ സാധ്യതയുള്ളതായി ലോകം കരുതിയിരുന്നു.
ചൊവ്വാഴ്ച ബെയ്റ്റ് ലാഹിയ, റഫ, നുസൈറാത്ത്, അൽ-മവാസി എന്നിവിടങ്ങളിൽ നടന്ന വ്യോമാക്രമണങ്ങൾ ജനുവരി മുതൽ ഗാസ നിവാസികൾ അനുഭവിച്ചുകൊണ്ടിരുന്ന സമാധാനം തകർത്തു, ആശുപത്രികളിൽ വീണ്ടും മൃതദേഹങ്ങൾ നിറഞ്ഞിരിക്കുന്നു.
ഗാസയിലെ ആക്രമണങ്ങളെ ചർച്ചകളിലെ മധ്യസ്ഥരായ ഈജിപ്ത് അപലപിച്ചു.
യുഎസുമായി പൂര്‍ണമായി സഹകരിച്ചാണ് ആക്രമണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിന്റെ വക്താവ് ഡേവിഡ് മെന്‍സെര്‍ പറഞ്ഞു. ഇസ്രയേലിനു നല്‍കുന്ന പിന്തുണയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദിപറഞ്ഞെന്നും അദ്ദേഹം അറിയിച്ചു.