Monday, April 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുവതിയുടെ ഗർഭപാത്രത്തിനുള്ളിൽ സർജിക്കൽ മോപ് മറന്നു വച്ച സംഭവം; ഡോക്ടർക്ക് പിഴയും കോടതിച്ചിലവും

യുവതിയുടെ ഗർഭപാത്രത്തിനുള്ളിൽ സർജിക്കൽ മോപ് മറന്നു വച്ച സംഭവം; ഡോക്ടർക്ക് പിഴയും കോടതിച്ചിലവും

തിരുവനന്തപുരം: സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിനുള്ളിൽ സർജിക്കൽ മോപ് മറന്നു വച്ച സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്റ്റിന് പിഴ വിധിച്ച് സ്ഥിരം ലോക് അദാലത്ത്. മൂന്ന് ലക്ഷം രൂപ പിഴ തുകയ്ക്ക് പുറമേ 10,000 രൂപ ചികിത്സാ ചെലവും 5,000 രൂപ കോടതിച്ചെലവും നൽകണമെന്നാണ് വിധി. 2022 ൽ സിസേറിയന് വിധേയയായ പ്ലാമൂട്ടുക്കട സ്വദേശി ജീതുവിന്റെ ( 24) പരാതിയിലാണ് വിധി.

ശസ്ത്രക്രിയ നടത്തിയ സമയത്ത് സർജിക്കൽ മോപ്പ് ഗർഭപാത്രത്തിൽ കുടുങ്ങിയത് അറിയാതെ മുറിവ് തുന്നിച്ചേർത്തതായായിരുന്നു ജീതുവിന്റെ പരാതി. വീട്ടിലെത്തിയ ശേഷം സ്ഥിരം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. അസഹ്യമായ വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവ പതിവായതോടെ ശസ്ത്രക്രിയ നടത്തിയ സുജ ഡോക്ടറെ പല തവണ വീട്ടിൽ പോയി കണ്ടു ചികിത്സ തേടി. എന്നാൽ വിശദമായ പരിശോധന നടത്തുന്നതിനു പകരം മരുന്നുകൾ നൽകി മടക്കിയെന്നായിരുന്നു പരാതി വിശദമാക്കുന്നത്.

വേദന രൂക്ഷമായതോടെ 2023 മാർച്ച് എസ്എടി ആശുപത്രിയിൽപ്രവേശിപ്പിച്ചു. സിസേറിയൻ സമയത്ത് രക്തവും മറ്റും വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന സർജിക്കൽ മോപ് ഗർഭപാത്രത്തിനുള്ളിൽ ഉണ്ടെന്ന് അപ്പോഴാണു കണ്ടെത്തിയത്. തുടർന്ന് മറ്റൊരു ശസ്ത്രക്രിയയിലൂടെ സർജിക്കൽ മോപ് പുറത്തെടുത്തു. ഇരുപത് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടതായും വന്നു. എന്നാൽ,തന്റെ ഭാഗത്തു വീഴ്ച ഇല്ലെന്നും സ്റ്റാഫ് നഴ്‌സാണ് ഉത്തരവാദിയെന്നുമായിരുന്നു ഡോ.സുജയുടെ വാദം.

പക്ഷേ, സിസേറിയൻ കഴിയുമ്പോൾ അതിനുവേണ്ടി ഉപയോഗിച്ച സാധനങ്ങളുടെ പട്ടിക പരിശോധിച്ച് അതിനുവേണ്ടി ഉപയോഗിച്ച സാധനങ്ങളുടെ പട്ടിക പരിശോധിച്ച് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം ഡോക്ടർക്കാണെന്ന് ലോക് അദാലത്ത് ചെയർമാൻ പി.ശശിധരൻ, അംഗങ്ങളായ വി.എൻ.രാധാകൃഷ്ണൻ, ഡോ.മുഹമ്മദ് ഷെറീഫ് എന്നിവർ വ്യക്തമാക്കി. ഡോക്ടർക്കെതിരെ പരാതിയുമായി ജീതുവിന്റെ കുടുംബം എത്തിയതോടെ ആരോഗ്യ മന്ത്രി വീണാ ജോർജ് വിഷയത്തിൽ ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com