ന്യൂ ഡൽഹി: യു.എസിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ച കേസിൽ ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ പ്രതിയെ തമിഴ്നാട്ടിൽ ഇന്‍റർപോൾ പിടികൂടി. 27കാരിയായ തെലുങ്ക് യുവതി നികിത ഗോദിശാലയുടെ കൊലപാതകത്തിൽ മുൻ കാമുകൻ അർജുൻ ശർമയാണ് പിടിയിലായത്. യു.എസ് പൊലീസുമായി ചേർന്നാണ് ഇന്‍റർപോൾ പ്രതിയെ ട്രാക്ക് ചെയ്തതും അറസ്റ്റ് ചെയ്തതും.
നികിതയുടെ മൃതദേഹം അർജുന്‍റെ അപാർട്മെന്‍റിൽ കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. നികിതയെ കാണാനില്ലെന്ന് അർജുൻ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. മേരിലാന്‍റ് സ്വദേശിയായ നികിതയെ ഡിസംബർ 31 മുതൽ കാണാനില്ലെന്നായിരുന്നു പരാതി.
പരാതി നൽകിയതിന് തൊട്ടുപിന്നാലെ അർജുൻ ഇന്ത്യയിലേക്ക് കടന്നു. ഇതിൽ സംശയം തോന്നിയ പൊലീസ് അർജുന്‍റെ എല്ലിക്കോട്ടിലെ അപാർട്മെന്‍റിൽ നടത്തിയ തിരച്ചിലിലാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്. നികിതയുടെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റ പാടുകൾ കണ്ടെത്തി.
അർജുൻ നികിതയെ കൊലപ്പെടുത്തിയ ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ നാടുവിട്ടതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരയുടെ കുടുംബവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് യു.എസിലെ ഇന്ത്യൻ എംബസി അറിയിച്ചു.



