വാഷിങ്ടൺ: യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് എപ്സ്റ്റീൻ കേസിലെ ഇര. കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖകളിൽ നിരവധി തവണ തന്റെ പേര് പരാമർശിക്കുന്നുണ്ടെന്ന ആരോപണമാണ് ഉയർത്തിയത്. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പരാമർശം.
2009ലാണ് ഇവർ എപ്സ്റ്റീനിന്റെ അതിക്രമത്തിനിരയായത്. തുടർന്ന് ആ വർഷം തന്നെ അവർ എഫ്.ബി.ഐക്ക് പരാതിയും നൽകി. കോടതി എപ്സ്റ്റീനെ ശിക്ഷിക്കുകയും ചെയ്തു. എന്നാൽ, 13 മാസം മാത്രമാണ് ഇയാൾ ജയിലിൽ കിടന്നത്.
യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട രേഖകളിൽ പേര് വന്നതോടെ തനിക്ക് നിരവധി ഫോണുകോളുകളാണ് വരുന്നതെന്ന് ഇവർ പറയുന്നു. വകുപ്പുമായി നിരവധി തവണ ബന്ധപ്പെട്ടുവെങ്കിലും പേര് രേഖകളിൽനിന്നും ഒഴിവാക്കാൻ അവർ തയാറായിട്ടില്ല. താൻ ഉൾപ്പെടുന്ന ഇരകളുടെ പേര് മറക്കുന്നതിൽ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വലിയ വീഴ്ച വരുത്തിയെന്നും അവർ ആരോപിക്കുന്നു. യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തുന്നത്.



