തൃക്കരിപ്പൂർ (കാസർകോട്) ∙ തായ്‌ലൻഡ് വഴി യൂറോപ്പിലേക്ക് ജോലിക്ക് പോയ 5 മലയാളികൾ മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായതായി സന്ദേശം. പടന്ന കാവുന്തലയിലെ മഹമൂദിന്റെയും സി.എച്ച്.കദീജയുടെയും മകൻ മഷൂദ് അലി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ചു പരാതി നൽകി. മ്യാൻമറിലെ ഡോങ്‌മെയ് പാർക്കിൽ അപകടകരമായ അവസ്ഥയിലുള്ള ഇവരുടെ ജീവിത സാഹചര്യത്തെക്കുറിച്ച് ബന്ധുക്കൾ കടുത്ത ആശങ്കയിലാണ്. മഷൂദ് അലി 10 ദിവസം മുൻപ് ഇതുസംബന്ധിച്ച് ഇന്ത്യൻ എംബസിയെ അറിയിച്ചെങ്കിലും നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.
സമൂഹമാധ്യമങ്ങൾ വഴിയാണ് തട്ടിപ്പുസംഘം ആളെ റിക്രൂട്ട് ചെയ്യുന്നതെന്ന് മഷൂദ് അലി പറയുന്നു. യൂറോപ്പിൽ കമ്പനിയുടെ പാക്കിങ് സെക്‌ഷനിൽ ജോലിക്കെന്നു പറഞ്ഞാണ് കൊണ്ടുപോയത്. 3 മുതൽ 5 ലക്ഷം രൂപ വരെ പലരിൽനിന്നും തട്ടിപ്പുസംഘം വാങ്ങി. 2 മാസത്തെ വീസയും ടിക്കറ്റും എടുത്തുനൽകി. ബാങ്കോക്കിൽ കുറച്ചുനാൾ ജോലിചെയ്ത് പ്രവർത്തന മികവ് പ്രകടിപ്പിക്കുമ്പോൾ അവിടെനിന്നു യുകെയിലേക്ക് ജോലി മാറ്റിനൽകുമെന്നാണ് സംഘം ഇവരെ ധരിപ്പിക്കുന്നത്. അതു വിശ്വസിച്ച ഇവരെ പിന്നീട് മ്യാൻമറിലേക്ക് മാറ്റുകയാണ് ചെയ്തത്.
എതിർക്കാനോ ചോദ്യം ചെയ്യാനോ ശ്രമിക്കുന്നവർക്ക് ക്രൂര മർദനം ഏൽക്കുന്നതായും പറയുന്നു. ഫോൺ, പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും മറ്റു വസ്തുക്കളും ഇവര് കൈക്കലാക്കിയതായും പറയുന്നു.
അതേസമയം മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായ 44 ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപെട്ട് കെ.സി.വേണുഗോപാൽ എംപി. കേന്ദ്രസർക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനു കത്തു നൽകി.
മന്ത്രിയുമായി പിന്നീടു ഫോണിൽ സംസാരിച്ചു. അടിയന്തരമായി ഇടപെട്ടു നടപടിയെടുക്കാമെന്നു മന്ത്രി എംപിക്ക് ഉറപ്പു നൽകി. സംഘത്തിന്റെ പിടിയിൽ അകപ്പെട്ട കാസർകോട് പടന്ന സ്വദേശിയായ മഷൂദ് അലി 10 ദിവസം മുൻപ് ഇതുസംബന്ധിച്ച പരാതി ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള റിക്രൂട്മെന്റ് രീതിയിലാണു സംഘം പ്രവർത്തിച്ചിരുന്നതെന്നാണു മഷൂദ് അലിയുടെ വെളിപ്പെടുത്തൽ.



