രാമക്ഷേത്രത്തിലെ പ്രതിഷ്ഠാകർമത്തിനായി അയോധ്യ ഒരുങ്ങുന്നതിനിടെ, കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കുള്ളിൽ പ്രദേശത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻകുതിപ്പ് ഉണ്ടായതായി റിപ്പോർട്ട്. നഗരത്തിലെ വസ്തുവകകളുടെ വിലയിൽ പലമടങ്ങ് വർധനയാണ് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായിരിക്കുന്നത്.ഉത്തർപ്രദേശിലെ മറ്റുനഗരങ്ങളെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ചയുടെ കാര്യത്തിൽ ഇപ്പോൾ അയോധ്യ മുൻപന്തിയിലാണ്. നാലു വർഷങ്ങൾ കൊണ്ടുണ്ടായിരിക്കുന്ന ഈ കുതിച്ചുചാട്ടം ദീർഘകാലം മാന്ദ്യമില്ലാതെ തുടരുമെന്നും പ്രോപ്പർട്ടി മാർക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
രാജ്യത്തിനകത്തുംപുറത്തുംനിന്നുള്ള ധാരാളം നിക്ഷേപകരാണ് അയോധ്യയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിക്കുന്നത്. വൻകിട കെട്ടിട നിർമാതാക്കളും അയോധ്യയിൽ റസിഡൻഷ്യൽ പദ്ധതികൾക്കായി തുക നിക്ഷേപിച്ചു കഴിഞ്ഞു. ഇതിന്റെയെല്ലാം ഫലമായി പല വസ്തുക്കൾക്കും നിലവിലെ മൂല്യം, അഞ്ച് വർഷം മുൻപ് ഉണ്ടായിരുന്ന വിലമതിപ്പിന്റെ ഏതാണ്ട് പത്തിരട്ടിയായി ഉയർന്ന സാഹചര്യവുമുണ്ട്.
കുറച്ചുവർഷത്തിനുള്ളിൽ നഗരത്തിൽ ധാരാളം ടൗൺഷിപ്പുകളും സ്വകാര്യ ഹോട്ടലുകളും പ്രവർത്തനം ആരംഭിക്കും. 2023 ഏപ്രിലിനും നവംബറിനുമിടയിൽ അയോധ്യയിൽ ഏതാണ്ട് 30,000 വില്പന കരാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 80 ശതമാനവും ഭൂമി ഇടപാടുകളിൽ നിന്നാണ്.അയോധ്യ നഗരത്തിലെ ശരാശരി ഭൂമിവിലയും നാലുവർഷംകൊണ്ട് ഗണ്യമായി വർധിച്ചു. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തുമാത്രമല്ല അയോധ്യയുടെ പ്രാന്തപ്രദേശങ്ങളിലും ഭൂമിയുടെ വിലയിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമത്തിന് ശേഷം ഹോട്ടലുകൾകൂടാതെ സീനിയർ ലിവിങ് , സർവീസ് അപ്പാർട്ട്‌മെന്റ് ഫോർമാറ്റിലുള്ള കെട്ടിടസമുച്ചയങ്ങളും അയോധ്യയിൽ നിർമിക്കപ്പെടുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്ന് പുറത്തുവരുന്ന വിവരം.2031 ആകുമ്പോഴേക്കും നഗരത്തിന്റെ ജനസംഖ്യയിൽ വർധന ഉണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. മുതിർന്ന പൗരന്മാർ അയോധ്യയിൽ രണ്ടാമതൊരു വീട് കൂടി വാങ്ങും എന്നതാണ് ഡെവലപ്പർമാരുടെ കണക്കുകൂട്ടൽ. ചെറുതും വലുതുമായ നിർമിതികൾക്ക് അനുയോജ്യമായ വ്യത്യസ്ത വലുപ്പത്തിലുള്ള പ്ലോട്ടുകൾ പ്രദേശത്ത് ലഭ്യമാണെന്നതും നിക്ഷേപകരെ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്