തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പക്ഷാഘാതത്തിന്റെ തുടക്കമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പക്ഷാഘാതം പലതവണ വന്നു പോയെന്നും ഇടതുവശത്തിന് ബലക്കുറവുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.
സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമ കേസില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി റിമാന്‍ഡ് ചെയ്തത്. രാഹുല്‍ നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളുകയായിരുന്നു. 14 ദിവസത്തേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് യൂത്ത് കോണ്‍ഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. 14 ദിവസത്തേക്ക് റിമാന്റ് ചെയ്യപ്പെട്ട രാഹുല്‍ ഇപ്പോള്‍ പൂജപ്പുര ജയിലിലാണ്. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായ ശക്തമായ സമരത്തിന് പദ്ധതിയിട്ടതായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി അറിയിച്ചിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പൊലീസിന്റെ അസാധാരാണ നടപടിക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി.
വാര്‍ത്താ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഹുലിനോട് രാഷ്ട്രീയ വൈരാഗ്യമുണ്ട്. രാഹുല്‍ അക്രമം ആസൂത്രണം ചെയ്തു എന്ന് പറഞ്ഞാണ് കേസ് എടുത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ കല്യാശ്ശേരിയിലേത് ജീവന്‍ രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ആദ്യം കേസ് എടുക്കേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.