ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ച് ശശി തരൂർ എംപി. വിവിധ വിഷയങ്ങളിൽ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നേരത്തെ ആവശ്യപ്പെട്ടതാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ശശി തരൂർ പറഞ്ഞു.
രണ്ട് പേർ മാത്രം പങ്കെടുത്ത ചർച്ചയായിരുന്നു. അതിൽ കൂടുതൽ പ്രതികരികരണത്തിനില്ലെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തിന്റെ വ്യാവസായിക വളർച്ചയേയും മോദിട്രംപ് കൂടിക്കാഴ്ചയേയും പ്രശംസിച്ച് തരൂർ രംഗത്തെത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ശശി തരൂരിനെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽവെച്ചായിരുന്നു രാഹുൽ ഗാന്ധിയുമായി തരൂർ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ കെ സി വേണുഗോപാലും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വീട്ടിലും ചർച്ച നടന്നതായാണ് വിവരം. ഖർഗെയുമായി രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും ചർച്ച നടത്തി. ശശി തരൂർ ഇവിടെ എത്തിയെങ്കിലും പെട്ടെന്നുതന്നെ മടങ്ങി. പ്രിയങ്കയും രാഹുലിനൊപ്പമുണ്ടായിരുന്നതായാണ് വിവരം.