ന്യൂഡൽഹി∙ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിനെതിരെ നടത്തിയ വാർത്താസമ്മേളനത്തിൽ ക്ഷുഭിതനായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. വയനാട് ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിനാണു ജയറാം രമേശ് ക്ഷുഭിതനായി പ്രതികരിച്ചത്
ഇങ്ങനത്തെ ചോദ്യം ചോദിക്കരുതെന്നും വിധിയെക്കുറിച്ചു മാത്രം ചോദ്യം മതിയെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. പിന്നാലെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതിയാണു തള്ളിയത്. രാഹുലിന്റെ അയോഗ്യത മാറാത്ത സാഹചര്യത്തിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പുണ്ടായേക്കും.
2019 ലോക്‌സഭാ പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണു ബിജെപി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമർശിച്ച്, എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെന്ന് രാഹുൽ ഗാന്ധി ചോദിച്ചതാണ് കേസിന് ആധാരം.മാർച്ച് 23ന്, സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. ഇതിനുപിന്നാലെ എംപി സ്ഥാനത്തുനിന്നും രാഹുലിനെ അയോഗ്യനാക്കിയിരുന്നു. രാഹുലിന്റെ അപ്പീൽ തള്ളിയതിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് വൻ പ്രതിഷേധവുമായി പ്രവർത്തകർ ഒത്തുകൂടിയിരുന്നു.