മൂന്നാം തവണയും തെലങ്കാനയിൽ അധികാരത്തിലേറാമെന്ന ചന്ദ്രശേഖർ റാവുവിന്റെ മോഹം നിഷ്പ്രഭമായത് ഒരാളുടെ മുന്നിലാണ്. കോൺഗ്രസിനെ മുന്നിൽനിന്ന് നയിച്ച അനുമൂല രേവന്ത് റെഡ്ഡി എന്ന 54കാരന് മുന്നിൽ. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്കൊപ്പം തോളോട് തോൾ ചേർന്ന് രാപ്പകലില്ലാതെ അദ്ദേഹം നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് തെലങ്കാനയിലെ വിജയം.
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് പി.സി.സി അധ്യക്ഷനായിരുന്ന ഉത്തംകുമാര്‍ റെഡ്ഢി രാജിവെച്ചതിനെ തുടർന്ന് 2021ലാണ് പാർട്ടി അധ്യക്ഷനായി രേവന്ത് റെഡ്ഡി എത്തുന്നത്. അന്നുമുതൽ കെ.സി.ആറിനോട് നേർക്കുനേർ പോരാടിയാണ് തെലങ്കാനയിലെ ജനങ്ങളെ അദ്ദേഹം പാർട്ടിക്കൊപ്പം കൂട്ടിയത്.
ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയുടെ (ബി.ആർ.എസ്) മുഖ്യ എതിരാളിയായി ബി.ജെ.പി മാറുമെന്ന നിലവരെ എത്തിയ ഘട്ടത്തിലാണ് രേവന്ത് റെഡ്ഡി പാർട്ടിയെ ഒറ്റക്ക് ചുമലിലേറ്റിയത്. പിന്നീട് ജനമൊന്നാകെ അദ്ദേഹത്തെ പിന്തുണക്കുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം കാണാനായത്. സമരങ്ങളിലൂടെയും റാലികളിലൂടെയും മറ്റും ആൾക്കൂട്ടങ്ങൾക്കൊപ്പം നിന്ന് അവരിലൊരാളും യുവാക്കളുടെ ഹീറോയുമായി അദ്ദേഹം രചിച്ചത് പുതുചരിത്രം കൂടിയാണ്. മുഖ്യമന്ത്രി പദവിയിലേക്ക് കോൺഗ്രസിന് മുന്നിൽ ആ പേരല്ലാതെ മറ്റൊന്നില്ല.