വാഷിങ്ടൻ: റഷ്യയ്ക്കു വേണ്ടി ചാരപ്പണി ചെയ്ത് സിഐഎയെ ഞെട്ടിച്ച ഉദ്യോഗസ്ഥൻ ആൽഡ്രിച്ച് എയ്മ്സ് മേരിലാൻഡിലെ ജയിലിൽ മരിച്ചു. ശീതയുദ്ധകാലത്ത് യുഎസിന് നാണക്കേടായ ഗുരുതര ഇന്റലിജൻസ് ചോർച്ചയ്ക്കു പിന്നിൽ ആൽഡ്രിച്ച് ആയിരുന്നു. 1985 മുതൽ 1994ൽ അറസ്റ്റിലാകും വരെ യുഎസ് രഹസ്യങ്ങൾ റഷ്യയ്ക്കു വിറ്റ് 25 ലക്ഷം ഡോളർ സമ്പാദിച്ച് ആഡംബര ജീവിതം നയിച്ച എയ്മ്സ് (84) പണത്തിനുവേണ്ടിയാണ് ചാരപ്പണി ചെയ്തതെന്ന് തുറന്നു പറഞ്ഞിരുന്നു.
വെർജീനിയയിലെ സിഐഎ ആസ്ഥാനത്തു ജോലി ചെയ്യുന്ന കാലത്താണ് സേവനവാഗ്ദാനവുമായി ഇദ്ദേഹം സോവിയറ്റ് ചാര ഏജൻസിയായ കെജിബിയെ സമീപിച്ചത്. പിന്നീട് റോമിൽ ജോലി ചെയ്തപ്പോഴും തിരികെ വാഷിങ്ടിലെത്തിയപ്പോഴും ചാരപ്പണി തുടർന്നു. സോവിയറ്റ് ഏജൻസികൾ ചുരുങ്ങിയകാലത്തിനിടെ പത്തോളം യുഎസ് ചാരന്മാരെ കണ്ടെത്തി വകവരുത്തിയതോടെ, സിഐഎ ഉദ്യോഗസ്ഥരിലാരോ ചതിക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് 3 പതിറ്റാണ്ടുകാലം ഒപ്പം പ്രവർത്തിച്ച എയ്മ്സിന്റെ ഇരട്ടമുഖം പുറത്തായത്. എയ്മ്സിന് ജീവപര്യന്തം തടവും ചാരപ്രവർത്തനത്തിൽ കൂട്ടാളിയായിരുന്ന രണ്ടാം ഭാര്യ റൊസാരിയോയ്ക്ക് 63 മാസം തടവും ശിക്ഷവിധിച്ചു.



