വാഷിങ്ടൻ:റഷ്യ-യുക്രെയ്ൻ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന യുദ്ധം സമാധാന നീക്കങ്ങളെ നിരാശപ്പെടുത്തുന്നതാണെന്ന് ട്രംപ് പറഞ്ഞത്. ‘‘കഴിഞ്ഞ മാസം മാത്രം യുദ്ധത്തിൽ 25,000 പേർ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും സൈനികർ ആയിരുന്നു. ഇരുരാജ്യങ്ങളും ശത്രുത ഉടനടി അവസാനിപ്പിക്കണം. ഈ കൊലപാതകങ്ങൾ നിർത്തണം. അതാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ അതിനായി വലിയ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഇതുപോലുള്ള കാര്യങ്ങൾ മൂന്നാം ലോകമഹായുദ്ധത്തിലാണ് കലാശിക്കുക. അത് സംഭവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’’ – ട്രംപ് പറഞ്ഞു.
നേരത്തേ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും റഷ്യയും യുക്രെയ്നും സമാധാന കരാറിലെത്താത്തതിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. നാല് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മധ്യസ്ഥരായിട്ടും സാധിക്കാത്തതിനെയും ലീവിറ്റ് തന്റെ പ്രസ്താവനയിൽ എടുത്തു പറഞ്ഞിരുന്നു. ‘‘സമാധാനത്തിനായുള്ള കൂടിക്കാഴ്ചകൾ അദ്ദേഹത്തിന് മടുത്തു. കൂടുതൽ സംസാരിക്കാൻ പ്രസിഡന്റ് ആഗ്രഹിക്കുന്നില്ല. ഈ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു’’ – ലീവിറ്റ് പറഞ്ഞു. വിഷയത്തിൽ ബുധനാഴ്ച ഡോണൾഡ് ട്രംപ് യൂറോപ്യൻ നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു.



