വാഷിങ്ടൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വീട്ടിൽ ഡോണൾഡ് ട്രംപ് മണിക്കൂറുകൾ ചെലവഴിച്ചിരുന്നതായി പുതിയ വെളിപ്പെടുത്തലുകൾ. ജെഫ്രി എപ്സ്റ്റീനിന്റെ പേരിൽ പുറത്തുവന്ന ഇമെയിലുകളിലാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എപ്സ്റ്റീന്റെ ലൈംഗിക പീഡനത്തെക്കുറിച്ചും പീഡനത്തിന് ഇരകളായ പെൺകുട്ടികളെക്കുറിച്ചും അറിയാമായിരുന്നുവെന്നും ഇമെയിലിൽ പരാമർശമുണ്ട്. ഡെമോക്രാറ്റിക് അംഗങ്ങളാണ് ജെഫ്രി എപ്സ്റ്റീന്റെ ഇമെയിൽ പുറത്തുവിട്ടത്.
എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട കേസുകൾ ട്രംപ് ഭരണകൂടം അവസാനിപ്പിച്ച് നാല് മാസത്തിന് ശേഷമാണ് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. 2011ൽ തന്റെ പങ്കാളിയായ ഗിസ്ലെയ്ൻ മാക്സ്‌വെല്ലിനും എഴുത്തുകാരനായ മൈക്കൽ വുൾഫിനും എപ്സ്റ്റീൻ അയച്ച മെയിലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. പുറത്തുവന്ന ഇമെയിലുകൾ ട്രംപിനെതിരെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ഡെമോക്രാറ്റ് അംഗങ്ങൾ ആരോപിച്ചു.
1993ല്‍ ഡോണൾഡ് ട്രംപും മാര്‍ല മാപ്പിള്‍സും തമ്മിലുള്ള വിവാഹത്തില്‍ ജെഫ്രി എപ്സ്റ്റീന്‍ പങ്കെടുത്ത എക്‌സ്‌ക്ലൂസീവ് ഫോട്ടോകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനു പുറമേ 1999ല്‍ വിക്ടോറിയ സീക്രട്ട് ഫാഷന്‍ ഇവന്റില്‍ ട്രംപും എപ്സ്റ്റീനും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ആരോപിച്ച് നേരത്തെ ശതകോടീശ്വരൻ ഇലോൺ മസ്‌കും രംഗത്തുവന്നിരുന്നു.



