Monday, April 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവികസനത്തിന് മാത്രം 50,000 കോടി: കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ...

വികസനത്തിന് മാത്രം 50,000 കോടി: കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

കൊച്ചി: സംസ്ഥാനത്തെ റോഡ് വികസനമുൾപ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിനായി മന്ത്രി 896 കിലോമീറ്റർ ദൈർഘ്യമുളള 31 പദ്ധതികൾ പ്രഖ്യാപിച്ചു. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള ആ​ഗോള നിക്ഷേപ ഉച്ചകോടിയിലാണ് നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം.

പാലക്കാട് – മലപ്പുറം ബൈപ്പാസിന് 10,000 കോടി പ്രഖ്യാപിച്ചു, തിരുവനന്തപുരം ഔട്ടർ റോഡിന് 5000 കോടി, അങ്കമാലി ബൈപ്പാസിന് 6500 കോടിയും പ്രഖ്യാപിച്ചു. ടൂറിസമാണ് കേരളത്തിന്റെ ഹൃദയം. ആയുർവേദമുൾപ്പെടെയുളള മേഖലകൾ സമ്പന്നമായതിനാൽ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്. ഈ സാധ്യതകൾ വിപുലപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വികസനത്തിന് റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിലൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച പിന്തുണ നല്‍കുമെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി.
കോഴിക്കോട്-പാലക്കാട് നാലുവരി പാതയുടെ നിർമാണം മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് നിതിൻ ​ഗഡ്കരി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 120 കിലോമീറ്ററാണ് ദൂരം. ദേശീയപാത 544 ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറുവരിയാക്കും. ഇതിന്റെ നിർമാണം ആറുമാസത്തിനകം ആരംഭിക്കും. 6500 കോടി രൂപയാണ് ചെലവ്. തിരുവനന്തപുരം ഔട്ടർ റിങ് റോഡ് നിർമാണം 4-5 മാസത്തിനുളളിൽ ആരംഭിക്കും. കൊല്ലം ജില്ലയിലെ റോഡ് പദ്ധതിക്ക് 300 കോടിയാണ് ചെലവ്. 4-5 മാസത്തിനുളളിൽ കൊല്ലത്തേയും തമിഴ്നാട്ടിലെ ചെങ്കോട്ടൈ, തെങ്കാശി, തിരുനൽവേലി എന്നീ ഭാ​ഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമാണം ആരംഭിക്കുമെന്നും നിതിൻ ​ഗഡ്കരി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com