വാഷിങ്ടൻ ∙ റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ പ്രദേശങ്ങൾ വിട്ടുകൊടുത്ത് വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകൾ. വിട്ടുവീഴ്ച ചെയ്ത് യുദ്ധം നിർത്താൻ വൈറ്റ്ഹൗസിൽ വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ട്രംപ് സെലെൻസ്കിയോട് ഉപദേശിച്ചെന്നാണ് റിപ്പോർട്ടുകൾ.
മിസൈൽ കിട്ടിയില്ലെങ്കിലും കൂടിക്കാഴ്ച നന്നായിരുന്നെന്നാണ് സെലെൻസ്കി പിന്നീടു പ്രതികരിച്ചത്. റഷ്യയ്‌ക്കെതിരെ പോരാട്ടത്തിൽ യുക്രെയ്നിനു ടോമഹോക്ക് മിസൈലുകൾ നൽകുന്നത് യുദ്ധം വ്യാപിക്കാനിടയാക്കുമെന്ന് കൂടിക്കാഴ്‌ചയിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ഫ്ലോറിഡയിലെത്തിയ ട്രംപ്, യുദ്ധം എത്രയും വേഗം നിർത്തണമെന്ന് ഇരുരാജ്യങ്ങളോടും ആവശ്യപ്പെടുകയും യുക്രെയ്‌നിൽ നിന്നു പിടിച്ചെടുത്ത പ്രദേശങ്ങൾ റഷ്യ നിലനിർത്താനും നിർദേശിച്ചിരുന്നു.
‘ഏറെ രക്തം ചിന്തപ്പെട്ടു കഴിഞ്ഞു. അതിർത്തി രേഖകൾ യുദ്ധത്തിലൂടെയും പോരാട്ടവീര്യത്തിലൂടെയുമാണ് നിർണയിക്കപ്പെടുന്നത്. അവർ ഇപ്പോൾ നിൽക്കുന്നിടത്ത് നിർത്തണം. ഇരുപക്ഷവും വിജയം അവകാശപ്പെടട്ടെ, ചരിത്രം തീരുമാനിക്കട്ടെ!’ – സെലെൻസ്കിയുടെ നേതൃത്വത്തിലുള്ള യുക്രെയ്ൻ സംഘവുമായി രണ്ടു മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കു ശേഷം ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് കുറിച്ചു.
സപൊറീഷ്യ, ഖേഴ്സൻ പ്രദേശങ്ങളുടെ ചെറിയൊരു ഭാഗം യുക്രെയ്നിന്റെ കയ്യിൽ വച്ച്ട്, പകരം ഡോണെട്സ്ക്, ലുഹാൻസ്ക് മേഖലകൾ റഷ്യയ്ക്കു വിട്ടുകൊടുക്കാനുള്ള പദ്ധതി ട്രംപുമായി കഴിഞ്ഞ ദിവസത്തെ ഫോൺ സംഭാഷണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൂചിപ്പിച്ചിരുന്നു. ഇതുൾപ്പെടെ മനസ്സിൽ വച്ച്, സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ പൊതുവേ റഷ്യയ്ക്ക് അനുകൂലമായ നിലപാടായിരുന്നു ട്രംപിന്റേതെന്നാണ് റിപ്പോർട്ടുകൾ.



