വാഷിങ്ടൺ: വിമാനയാത്രക്കിടെ സഹയാത്രികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇന്ത്യക്കാരനെ ശിക്ഷിച്ച് വിർജീനിയ കോടതി. സംഭവത്തിൽ വരുൺ അറോറ 38കാരൻ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. വരുണിന് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാനാണ് സാധ്യത.
2024 ആഗസ്റ്റ് 29നാണ് കേസിനാസ്പദ സംഭവം നടന്നത്. റോഡ് ഐലൻഡിൽ നിന്ന് വാഷിങ്ടണിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു വരുൺ അറോറ. വിമാനത്തിൽ തൊട്ടരികിലിരുന്ന സ്ത്രീ ഉറങ്ങുകയായിരുന്നു. അവർ ഉണർന്നപ്പോൾ കാണുന്നത് വരുൺ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നതാണ്. സ്ത്രീ ഉണർന്നപ്പോൾ വരുൺ ഉറക്കം നടിക്കുകയും ചെയ്തു. അയാളുടെ കൈകൾ തന്റെ ദേഹത്ത് നിന്ന് മാറ്റാൻ പലതവണ ശ്രമിച്ചിട്ടും അയാൾ പിൻമാറിയിരുന്നില്ല. തുടർന്ന് സ്ത്രീ പരാതി നൽകുകയായിരുന്നു.
എഫ്.ബി.ഐയുടെ വാഷിങ്ടൺ ഫീൽഡ് ഓഫിസാണ് കേസ് അന്വേഷിച്ചത്. സ്പെഷ്യൽ അസിസ്റ്റന്റ് യുഎസ് അറ്റോർണി മാഡിസൺ മുമ്മയും അസിസ്റ്റന്റ് യു.എസ് അറ്റോർണി റസ്സൽ എൽ കാൾബർഗും അന്വേഷണത്തിന് നേതൃത്വം നൽകി. അന്വേഷണത്തിനിടെയാണ് വരുൺ അറോറ നിയമവിരുദ്ധമായാണ് യു.എസിലെത്തിയത് എന്ന് കണ്ടെത്തിയത്. ജനുവരി 29നാണ് വിമാനത്തിൽ വെച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വരുണിനെ കുറ്റക്കാരനായി വിധിച്ചത്. മേയ് ഏഴിനാണ് ശിക്ഷ വിധിക്കുക.



