ന്യൂഡൽഹി ∙ ബിഹാറിൽ വെള്ളിയാഴ്ച വിശാല പ്രതിപക്ഷയോഗം ചേരാനിരിക്കെ കോൺഗ്രസിന് അന്ത്യശാസനവുമായി ആം ആദ്മി പാർട്ടി. കേന്ദ്രത്തിന്റെ ഡല്‍ഹി ഓർഡിനൻസിനെതിരായ ആംആദ്മിയുടെ പ്രതിഷേധങ്ങളെ പിന്തുണച്ചില്ലെങ്കിൽ യോഗം ബഹിഷ്കരിക്കുമെന്നാണ് ആംആദ്മി പാർട്ടിയുടെ ഭീഷണി.
‘‘കോൺഗ്രസ് ഉറപ്പായും ഞങ്ങളെ പിന്തുണയ്ക്കണം. ഇല്ലെങ്കിൽ പ്രതിപക്ഷ യോഗം ബഹിഷ്കരിക്കും. ഭാവിയിലെ പ്രതിപക്ഷ യോഗങ്ങളിൽനിന്നു വിട്ടുനിൽക്കും’’– ആംആദ്മി വൃത്തങ്ങൾ പറഞ്ഞു. എഎപിയുടെ നിലപാടിനോടു രൂക്ഷമായാണ് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചത്.
‘‘കേജ്‍രിവാൾ, നിങ്ങളെ ആരും ഇവിടെ ഓർക്കാൻ പോലും പോകുന്നില്ല, യോഗം ബഹിഷ്കരിക്കാൻ നിങ്ങൾ കാരണങ്ങൾ നോക്കുകയായിരുന്നു’’– സന്ദീപ് ദീക്ഷിത് പറഞ്ഞു. ഓർഡിനൻസ് വിഷയത്തിൽ പ്രതിപക്ഷയോഗത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൊവ്വാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞിരുന്നു.ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്തുന്നതിന് ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധിയെ മറികടക്കാൻ മേയ് 19നാണു കേന്ദ്രസർക്കാർ ഓർഡിനൻസ് പാസാക്കിയത്.