Monday, April 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവീട്ടിലെ പ്രസവം: യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

വീട്ടിലെ പ്രസവം: യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അസ്മയ്ക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മനപൂർവമായ നരഹത്യാക്കുറ്റം ചുമത്തും.

കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ അസ്മ ആൺ കുഞ്ഞിന് ജന്മം നൽകിയത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാൻ സിറാജുദ്ദീൻ തയ്യാറായില്ല. കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ അസ്മ മരണത്തിന് കീഴടങ്ങി. തുടർന്ന് മൃതദേഹം സിറാജുദ്ദീൻ അസ്മയുടെ ജന്മനാടായ പെരുമ്പാവൂരിൽ എത്തിച്ചു. ഇത് അസ്മയുടെ ബന്ധുക്കളുടെ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് പൊലീസ് ഇടപെട്ട് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അസ്മ ജന്മം നൽകിയ കുഞ്ഞ് നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ പീഡിയാട്രിക് വിഭാഗത്തിൽ നിയോ നേറ്റൽ എൻഐസിയുവിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ ശരീരത്ത് പ്രസവ സമയത്തുണ്ടായിരുന്ന രക്തം പോലും തുടച്ചു കളയാതെയാണ് സിറാജുദ്ദീൻ മലപ്പുറത്ത് നിന്ന് പെരുമ്പാവൂർ വരെ കുഞ്ഞിനെ എത്തിച്ചതെന്ന് അസ്മയുടെ കുടുംബം ആരോപിച്ചിരുന്നു. പായയിൽ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ആംബുലൻസിലെത്തിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.

അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിൽവെച്ചായിരുന്നു നടന്നത്. ഇതിന് ശേഷം സിറാജുദ്ദീൻ അക്യുപങ്ചർ പഠിക്കുകയും പ്രസവം വീട്ടിൽ നടത്തുകയുമായിരുന്നു. അസ്മയുടെ മൂത്ത കുട്ടിക്ക് പതിനാല് വയസ് മാത്രമാണ് പ്രായം. അമ്മയുടെ വിയോഗം തിരിച്ചറിഞ്ഞിരിക്കുന്നത് മൂത്ത മകൻ മാത്രമാണ്. മറ്റ് കുട്ടികൾ അമ്മയില്ലാത്തതിന്റെ അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയതായി അസ്മയുടെ ബന്ധുക്കൾ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com