വാഷിങ്ടൺ: വീട് വൃത്തിയാക്കാത്തതിന് ഭർത്താവിന്റെ കഴുത്തിൽ കുത്തിയ ഇന്ത്യൻ വംശജയായ അധ്യാപിക അറസ്ററിൽ. നോർത്ത് എലിമെന്ററി സ്കൂളിലെ അധ്യാപികയായ ചന്ദ്രപ്രഭ സിങ്(44) ആണ് അറസ്റ്റിലായത്. ഒക്ടോബർ 12നാണ് സംഭവം നടന്നത്.
വീട് വൃത്തിയാക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ചന്ദ്രപ്രഭ ഭർത്താവ് അരവിന്ദ് സിങ്ങിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. നോർത്ത് കരോലൈനയിലെ ഫോക്സ്ഹാവൻ ഡ്രൈവിലെ അപാർട്മെന്റിലാണ് സംഭവം. വിവരമറിഞ്ഞയുടൻ പൊലീസ് സംഭവസ്ഥലത്ത് എത്തി.
അതിനു മുമ്പ് തെന അരവിന്ദ് സിങ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇയാളുടെ കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് കഴുത്തിൽ ഗുരുതരമായി മുറിവേൽപിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അബദ്ധത്തിൽ കുത്തിയതാണെന്നായിരുന്നു ചന്ദ്രപ്രഭ പൊലീസിനോട് പറഞ്ഞത്. ”താൻ പ്രഭാതഭക്ഷണം തയാറാക്കുമ്പോൾ ഭർത്താവിനോട് സഹായിക്കാൻ അഭ്യർഥിച്ചു. വീട് വൃത്തിയാക്കാത്തതിൽ വലിയ അസ്വസ്ഥതയുമുണ്ടായിരുന്നു. തുടർന്ന് കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിന്റെ കഴുത്തിൽ പരിക്കേൽക്കുകയായിരുന്നു’-എന്നാണ് ചന്ദ്രപ്രഭ പറഞ്ഞത്.
എന്നാൽ ഭാര്യ തന്നെ മനപൂർവം കുത്തുകയായിരുന്നുവെന്ന് അരവിന്ദ് സിങ് മൊഴി നൽകി. ആദ്യം ജാമ്യം നൽകിയില്ലെങ്കിലും പിന്നീട് 10,000 ഡോളറിന്റെ അടിസ്ഥാനത്തിൽ ചന്ദ്രപ്രഭക്ക് കോടതി ജാമ്യം അനുവദിച്ചു. ഭർത്താവുമായി ബന്ധം പുലർത്തരുതെന്ന ഉപാധിയിലാണ് ജാമ്യം. അവരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.



