തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സ്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനിയുടെ ഉടമയുമായ വീണ വിജയനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് സൂചന. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ നിലവില്‍ അറസ്റ്റിനുള്ള സാധ്യതയില്ലെന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. നേരത്തെ, വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ തയ്യാറാക്കിയ കുറ്റപത്രത്തില്‍ വീണയെ പ്രതി ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എഫ്‌ഐഒ എറണാകുളം ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇനി ഈ കേസ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വരും. ഈ ഘട്ടത്തിലാണ് എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോ എന്ന് കോടതി പരിശോധിക്കുക. പ്രതികള്‍ കുറ്റം ചെയ്തതായി പ്രാഥമികമായി ബോധ്യപ്പെട്ടാല്‍ മാത്രമേ തുടര്‍നടപടികളിലേക്ക് കോടതി കടക്കൂ. അതിനുശേഷം മാത്രമേ വീണ വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നിയമപരമായി വിചാരണ നേരിടേണ്ടി വരുമോ എന്ന കാര്യത്തില്‍ വ്യക്തത കൈവരൂ.
എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്, യാതൊരുവിധ സേവനവും നല്‍കാതെ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലേജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ്. ഈ കേസില്‍ വീണയെ കൂടാതെ സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്ലിലെ മറ്റ് ചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍ കമ്പനി, എക്സാലോജിക് കമ്പനി എന്നിവരെയും പ്രതികളായി ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ്.
സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ കൂടുതല്‍ ദുരൂഹതകളും എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കമ്പനി വഴിവിട്ട് നല്‍കിയതായാണ് കണ്ടെത്തല്‍. കൂടാതെ, ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകളെല്ലാം കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.