തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനായി പൊലീസ് ഡോക്ടറുടെ അനുമതി തേടി. ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരിക്കും പ്രതിയെ ചോദ്യം ചെയ്യുക. ഡോക്ടർ അനുമതി നൽകിയാൽ പ്രതിയെ പൊലീസ് ഇന്ന് തന്നെ ചോദ്യം ചെയ്യും. ഡോക്ടർമാരുടെ അനുമതിയോടെ ആശുപത്രിയിൽ ചോദ്യം ചെയ്യാനാണ് ആലോചന.
അഫാൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും അറസ്റ്റ് നടപടികൾ. ആശുപത്രിയിൽ നിന്നും വിടുതൽ ലഭിച്ചില്ലെങ്കിലും അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.അഫാൻ മയക്കുമരുന്ന് അടിമയാണോ എന്നും പരിശോധന നടത്തും. രക്ത പരിശോധനയ്ക്ക് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. മയക്കുമരുന്ന് ലഭിക്കാത്തതാണോ കൊലപാതകത്തിന് കാരണമെന്നും പരിശോധിക്കും.
കൂട്ടക്കൊലപാതകം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.സ്വന്തം സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണം കണ്ടെത്താൻ പ്രതി ശ്രമിച്ചിരുന്നുവെന്നും വിലയിരുത്തലുണ്ട്. അഫാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും തൻ്റെ അവസ്ഥക്ക് കാരണമായവരെയും ഇഷ്ടമുള്ളവരെയും കൊല്ലുകയായിരുന്നുവെന്നും നിഗമനമുണ്ട്.