കരാകസ്: പ്രസിഡന്റ് നികളസ് മദൂറോയെ തട്ടിക്കൊണ്ടുപോയ അമേരിക്കൻ സൈനിക നീക്കത്തിന് പിന്നാലെ അഞ്ച് കോടി ബാരൽ എണ്ണ യു.എസിലെത്തിക്കാൻ വെനിസ്വേല സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കാൽ ലക്ഷം കോടി വിലവരുന്ന എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങൾക്കായി ചെലവഴിക്കുമെന്നും സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് പറഞ്ഞു. അമേരിക്കൻ എണ്ണക്കമ്പനികൾ ഒന്നര വർഷത്തിനകം വെനിസ്വേലയിൽ സജീവമാകുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് അവകാശപ്പെട്ടിരുന്നു.
വെനിസ്വേലയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന ചൈന നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചൈനക്കൊപ്പം റഷ്യ, ഇറാൻ, ക്യൂബ രാജ്യങ്ങളുമായും ബന്ധം വിച്ഛേദിക്കാനും എണ്ണ വ്യാപാരം അമേരിക്കയുമായി മാത്രം നടത്താനും പുതിയ വെനിസ്വേല പ്രസിഡന്റ് റോഡ്രിഗസിനു മേൽ ട്രംപ് സമ്മർദം ശക്തമാക്കി.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ കരുതൽ നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല. രാജ്യത്തെ എണ്ണ ഖനനം ചർച്ച ചെയ്യാൻ അമേരിക്കൻ കമ്പനികൾ ട്രംപിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.



