വാഷിങ്ടൺ: വെനിസ്വേലയിലെ പുതിയ ഭരണകൂടത്തിൽനിന്ന് യു.എസിന് പൂർണ സഹകരണം ലഭിക്കുന്നുണ്ടെന്നും വെനിസ്വേലയെയും എണ്ണ ശേഖരത്തെയും വർഷങ്ങളോളം ഇനി യു.എസ് നിയന്ത്രിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
തങ്ങൾക്ക് ആവശ്യമെന്ന് തോന്നുന്നതെല്ലാം വെനിസ്വേല നൽകുകയായിരുന്നുവെന്നും അനിശ്ചിതകാലത്തേക്ക് യു.എസ് അവിടെ രാഷ്ട്രീയ മേധാവിത്വം തുടരുമെന്നും ട്രംപ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ലാഭകരമായ രീതിയിൽ വെനിസ്വേലയെ പുനർനിർമിക്കും. രാജ്യത്തെ എണ്ണ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യും. വെനിസ്വേലയിൽ തന്റെ നേരിട്ടുള്ള മേൽനോട്ടം ഒരു വർഷത്തിൽ കൂടുതൽ നീളുമെന്നും ട്രംപ് വ്യക്തമാക്കി. എണ്ണവില കുറക്കുമെന്നും വെനിസ്വേലക്ക് അത്യാവശ്യമായ പണം നൽകാൻ പോകുകയാണെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
പ്രതിപക്ഷ നേതാവായ മരിയ കൊറിന മച്ചാഡോയെ പിന്തുണയ്ക്കുന്നതിനുപകരം മയക്കുമരുന്ന് ഭീകരത ആരോപിച്ച സർക്കാരിന്റെ മുതിർന്ന അംഗമായിരുന്ന ഡെൽസി റോഡ്രിഗസിനെ പുതിയ നേതാവായി അംഗീകരിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾക്ക് ട്രംപ് മറുപടി നൽകിയില്ല. റോഡ്രിഗസുമായി സംസാരിച്ചിട്ടുണ്ടോ എന്ന് പറയാൻ അദ്ദേഹം വിസമ്മതിച്ചു. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ സംസാരിച്ചതായും സൂചന നൽകി.
എണ്ണ വിപണി യു.എസിന് തുറന്നുകൊടുക്കുന്നതിനെ വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ന്യായീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അഭിപ്രായങ്ങൾ.



