പത്തനംതിട്ട: സ്ഥാപനത്തിന് മുന്നിൽ നിന്നയാളോട് വാക്കേറ്റമുണ്ടാവുകയും മറ്റും ചെയ്യുന്നതുകണ്ട് തടയാൻ ശ്രമിച്ചതിന്റെ പേരിൽ, അവിടെ പാർക്ക് ചെയ്തിരുന്ന കാറുകളിലും സ്ഥാപനത്തിന്റെ മുൻവശത്തെ ചില്ലുവാതിലിലും വാഹനം ഇടിച്ചുകയറ്റി നാശനഷ്ടമുണ്ടാക്കുകയും, ആക്രമണം നടത്തുകയും ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു. കലഞ്ഞൂർ വയലിറക്കത്ത് പുത്തൻപുരയിൽ ഹൗസിൽ സോഫി എന്ന് വിളിക്കുന്ന ജോൺ വർഗീസ് (80), കലഞ്ഞൂർ കുറ്റുമൺ , ബിജോ ഭവൻ വീട്ടിൽ ബിനു കെ വർഗീസ് (52) എന്നിവരാണ് റിമാൻഡിലായത്. കലഞ്ഞൂർ വലിയപ്പള്ളിക്ക് സമീപമുള്ള പെർഫെ്ര്രക് വർഷോപ്പിന് മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.
ഒന്നാം പ്രതി ജോൺ വർഗീസിന്റെ വീടിനു സമീപത്ത് ഉള്ള വിഷ്ണു എന്നയാളുമായി തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് ഇയാളെ വാഹനം കൊണ്ട് ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടപ്പോൾ ജീവനക്കാർ സ്ഥാപനത്തിന് മുമ്പിൽ വച്ച് വഴക്കുണ്ടാക്കരുത് എന്ന് പറഞ്ഞ വിരോധമാണ് കടയിലേക്ക് പ്രതിയുടെ കാർ കൊണ്ട് ഇടിച്ചു കയറ്റി അപകടം ഉണ്ടാക്കിയത്. മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിക്കുകയും സ്ഥാപനത്തിന്റെ ചില്ലുവാതിൽ തകർക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.മാനേജർ പിടവൂർ സത്യൻ മുക്ക് ബിജു ഭവനിൽ ബിജു ജോണിന്റെ മൊഴി പ്രകാരം കൂടൽ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. കല്ലേറിൽ ജീവനക്കാരനായ കൂടൽ ഇഞ്ചപ്പാറ പുലിപ്രയിൽ റോജൻ റോയിയുടെ ഇടതുചെവിയുടെ ഭാഗത്ത് പരിക്കേറ്റു.
എയർഫോഴ്‌സിൽ നിന്നും വിരമിച്ചയാളാണ് ഒന്നാം പ്രതി.സ്ഥിരം മദ്യപാനിയും നാട്ടുകാർക്ക് പൊതുവേ ശല്യം ഉണ്ടാക്കുന്ന ആളുമാണ് രണ്ടാം പ്രതിയെന്നും അന്വേഷണത്തിൽ വെളിവായി.തെങ്ങുകയറ്റജോലി ചെയ്യാറുള്ള ഇയാളുടെ പക്കൽ വെട്ടുകത്തി മിക്കവാറും ഉണ്ടാവും. ഇന്നലെ ഇരുവരും ഒത്തുവന്ന വാഹനത്തിൽ സൂക്ഷിച്ച വെട്ടുകത്തി കൊണ്ട് ബിനു, ബിജുവിന്റെ കഴുത്തിൽ വെട്ടാൻ ശ്രമിച്ചിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ വെട്ടു കൊണ്ടില്ല. ജോൺ വർഗീസ് ആണ് റോജനെ കല്ലെറിഞ്ഞത്.
സ്ഥലത്ത് കൊലവിളി നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ, ആക്രമണത്തിന് ശേഷം കാറിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് കൂടൽ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, കോന്നി എലിയറക്കലിൽ നിന്നും അക്രമികളെ സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടികൂടാൻ ശ്രമിവേ പോലീസിനെതിരെ തിരിഞ്ഞ പ്രതികളെ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. പത്തനാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. സ്ഥാപനത്തിൽ വാഹനമിടിച്ചു കയറ്റി ചില്ലുകൾ പൊട്ടിയപ്പോൾ ജോണിന്റെ മുഖത്ത് ഉണ്ടായ പരിക്കിന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സർജനെ കാണിച്ച് മതിയായ ചികിത്സ ലഭ്യമാക്കി.
തുടർന്ന് സംഭവസ്ഥലത്തു നിന്നും പോലീസ് തെളിവുകൾ ശേഖരിച്ചു. കാറിൽ നിന്ന് വെട്ടുകത്തിയും കണ്ടെടുത്തു. സ്റ്റേഷനിൽ ഹാജരാക്കിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. മദ്യപിച്ച് മദോന്മത്തരായ പ്രതികൾ സ്റ്റേഷനിലും ബഹളം സൃഷ്ടിച്ചു. രണ്ടാം പ്രതി കൂടൽ സ്റ്റേഷനിൽ മുമ്പ് രജിസ്റ്റർ ചെയ്ത രണ്ട് കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്നുച്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി.
വർക്ക്‌ഷോപ്പിലേക്ക് കാർ ഇടിച്ചുകയറ്റി അതിക്രമം കാട്ടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതികൾ റിമാൻഡിൽ
RELATED ARTICLES