ന്യൂഡൽഹി: സത്യവിരുദ്ധ വാർത്ത നൽകി എന്ന് കാണിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിന് ലീഗൽ നോട്ടീസ് അയച്ച് കോൺഗ്രസ്. അടിസ്ഥാനരഹിതമായ വാർത്തയാണ് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് നൽകിയത്, വാർത്തയിലെ തെറ്റായ ഭാഗം പിൻവലിച്ച് ഖേദ പ്രകടനം നടത്തിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ കോൺഗ്രസ് പറഞ്ഞു. പത്രത്തിനെതിരെ എഐസിസി ലീഗൽ സെൽ നോട്ടീസ് അയച്ചതായി എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയും അറിയിച്ചു.
അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തയാണ് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് നൽകിയത്. ഈ വാർത്തയിലെ തെറ്റായ ഉള്ളടക്കം പിൻവലിച്ച് ഖേദം രേഖപ്പെടുത്തിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കും. അടിസ്ഥാനരഹിതമായ വാർത്തകൾ കോൺഗ്രസിനെതിരെ പ്രചരിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തിൽ വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോകും. കോൺഗ്രസ് പാർട്ടിക്കെതിരെ ഇത്തരം കുപ്രചാരണങ്ങൾ നിക്ഷിപ്ത താൽപ്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായി അഴിച്ചുവിടുന്നതാണ്. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.