ഡല്‍ഹി: പദവി സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെ സന്ദീപ് വാര്യര്‍ എഐസിസി ആസ്ഥാനത്ത്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലും ദീപ ദാസ് മുന്‍ഷിയുമായും സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തി.
ദേശീയ നേതൃത്വത്തെ കാണാന്‍ എത്തിയതാണെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ഏത് പദവി നല്‍കിയാലും പ്രവര്‍ത്തിക്കും. എന്തെങ്കിലും ഉപാധിവെച്ചല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സന്ദീപ് വാര്യറിന്റെ പദവി സംബന്ധിച്ച് ചര്‍ച്ച നടന്നില്ലെന്ന് ദീപ ദാസ് മുന്‍ഷി പറഞ്ഞു.
.
ഉപതിരഞ്ഞടുപ്പിനിടെയായിരുന്നു ബിജെപി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയത്. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാറിനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമെതിരെ രൂക്ഷവിമര്‍ശനമായിരുന്നു സന്ദീപ് വാര്യര്‍ ഉന്നയിച്ചത്. ബിജെപിയില്‍ കടുത്ത അവഗണന നേരിട്ടതായി സന്ദീപ് പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെത്തിയ സന്ദീപിന് വന്‍ സ്വീകരണമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അടക്കമുള്ളവര്‍ നല്‍കിയത്. കോണ്‍ഗ്രസില്‍ എത്തിയതിന് പിന്നാലെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ പരിപാടികളില്‍ സന്ദീപ് സജീവമായി പങ്കെടുത്തിരുന്നു.