ഡല്‍ഹി: സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് സിബിഐ സമൻസ്. അനധികൃത ഖനന കേസില്‍ സാക്ഷിയായാണ് സമന്‍സ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലെ ഫെഡറൽ ഏജൻസിക്ക് മുന്‍പില്‍ വ്യാഴാഴ്ച ഹാജരാകാനാണ് നിര്‍ദേശം. സിആർപിസി സെക്ഷൻ 160 പ്രകാരമാണ് സിബിഐ നോട്ടീസ് നൽകിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. 2012-2016 കാലയളവില്‍ ഉത്തർപ്രദേശിലെ ഹമിര്‍പൂറില്‍ നടന്ന അനധികൃത ഖനനം സംബന്ധിച്ച കേസിലാണ് നോട്ടീസ്.
അഖിലേഷ് യാദവ് ബിജെപിക്കെതിരെ കഴിഞ്ഞദിവസം രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇന്‍ഡ്യ മുന്നണിയെ കുറിച്ച് ബിജെപി പരിഭ്രാന്തരാണെന്നും മറ്റ് പാർട്ടികളെ തകർക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഉത്തർപ്രദേശില്‍ ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കുമെന്ന് യാദവ് പറഞ്ഞിരുന്നു. പത്ത് സീറ്റിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എട്ടിലും ബിജെപി ആണ് വിജയിച്ചത്.