വാഷിങ്ടൻ: തനിക്കു ലഭിച്ച സമാധാന നൊബേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ. സമാധാന നൊബേൽ മച്ചാഡോയിൽനിന്ന് ട്രംപ് സ്വീകരിച്ചെന്നും സമ്മാനം കൈവശം വയ്ക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നതായും വൈറ്റ്ഹൗസ് വ്യക്തമാക്കി. മരിയ നൊബേൽ സമ്മാനം തനിക്കു നൽകിയതായി ഡോണൾഡ് ട്രംപും സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.
നൊബേൽ സമ്മാനം മരിയ കൊറിന മച്ചാഡോ ട്രംപിനു നൽകിയ നടപടിക്കെതിരെ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് രംഗത്തെത്തി. ബഹുമതിയായി നൽകുന്ന സമ്മാനം മറ്റൊരാൾക്ക് കൈമാറാനാകില്ലെന്നു അവർ വ്യക്തമാക്കി. മരിയ കൊറിന മച്ചാഡോയെ വെനസ്വേലയുടെ ഭരണമേൽപ്പിക്കാൻ ട്രംപ് വിസമ്മതിച്ചിരുന്നു. മച്ചാഡോയ്ക്ക് രാജ്യത്തിനകത്ത് പിന്തുണ ഇല്ലാത്തതിനാൽ അവർക്ക് നേതൃത്വം നൽകാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ട്രംപ് നേരത്തേ പറഞ്ഞത്. നിലവിലെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി സഹകരിക്കുമെന്നും വ്യക്തമാക്കി. ഇതിനിടെയാണ് മരിയ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.



