സ്‌റ്റോക്കോം:∙ സമാധാന നൊബേൽ വെള്ളിയാഴ്ച പ്രഖ്യാപിക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേൽ പ്രഖ്യാപനം മുൻവർഷങ്ങളിലേക്കാൾ ശ്രദ്ധാകേന്ദ്രമാകുന്നത്. വെള്ളിയാഴ്‌ചയാണ് സമാധാന നൊബേൽ വിജയിയെ പ്രഖ്യാപിക്കുന്നത്. ഡിസംബർ 10ന് നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ വച്ചാണ് നൊബേൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്.
നൊബേൽ സമ്മാനത്തിന് ഇത്തവണ 338 നാമനിർദേശങ്ങളാണുള്ളതെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു. ഇതിൽ 244 വ്യക്‌തികളും 94 സംഘടനകളുമാണുള്ളത്. നാമനിർദേശം ലഭിച്ച പേരുകൾ നൊബേൽ പുരസ്കാര സമിതി പരസ്യമായി സ്ഥിരീകരിക്കാറില്ലെങ്കിലും സ്വയം പ്രഖ്യാപിത നാമനിർദേശങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്‌ഥാനത്തിൽ ഏതാനും പ്രമുഖ പേരുകളാണ് പുരസ്‌കാര സാധ്യതയിൽ പ്രചരിക്കുന്നത്.
ഡോണൾഡ് ട്രംപ്: ഇത്തവണ സമാധാന നൊബേലിനായി ഏറ്റവുമധികം അവകാശവാദം ഉന്നയിച്ച വ്യക്‌തിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ ഈ ബഹുമതിക്ക് അർഹനാണെന്ന് വിശദീകരിക്കാൻ, പല വേദികളും ട്രംപ് ഉപയോഗപ്പെടുത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് എന്നിവർ പുരസ്കാര സമിതിക്ക് ട്രംപിനെ നാമനിർദേശം ചെയ്തവരിൽപ്പെടുന്നു. യുഎസിൽ, കോൺഗ്രസ് അംഗം ബഡ്ഡി കാർട്ടറും ട്രംപിനെ നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്‌തു. ഏഴു രാജ്യാന്തര സംഘർഷങ്ങളെങ്കിലും അവസാനിപ്പിച്ചതിന് നൊബേൽ സമ്മാനം ലഭിച്ചില്ലെങ്കിൽ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്ന് സെപ്‌റ്റംബർ 30ന് യുഎസിലെ വെർജീനിയയിൽ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കവെ ട്രംപ് വ്യക്‌തമാക്കി. ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്. ‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? തീർച്ചയായും ലഭിക്കില്ല. ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും. ഞാൻ നിങ്ങളോട് പറയുന്നു, അത് നമ്മുടെ രാജ്യത്തിനു വലിയ അപമാനമായിരിക്കും. എനിക്ക് അത് വേണ്ട. എന്നാൽ രാജ്യത്തിന് അത് ലഭിക്കണം. രാജ്യത്തിന് തീർച്ചയായും അത് ലഭിക്കണം, കാരണം ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല’ – ട്രംപ് പറഞ്ഞു. തന്നെ നൊബേൽ പുരസ്കാരത്തിനു ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയത് ട്രംപിനെ പ്രകോപിപ്പിച്ചെന്നും ഇന്ത്യയ്ക്കു മേൽ അധികതീരുവ ചുമത്താനുള്ള കാരണങ്ങളിലൊന്ന് അതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തിയഡോർ റൂസ്‌വെൽറ്റ് (1906), വുഡ്രൊ വിൽസൺ (1919), ജിമ്മി കാർട്ടർ (2002), ബറാക് ഒബാമ (2009) എന്നിവരാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയിട്ടുള്ള യുഎസ് പ്രസിഡന്റുമാർ.
ഫ്രാൻസിസ് മാർപാപ്പ, പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ശതകോടീശ്വരൻ ഇലോണ്‍ മസ്‌ക്, മലേഷ്യൻ പ്രധാനമന്ത്രി ∙ അൻവർ ഇബ്രാഹിം,
അൻവർ ഇബ്രാഹിം: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡോ. ഡാതുക് ഉസ്മാൻ ബക്കർ, പ്രൊഫ. ഡോ. ഫാർ കിം ബെങ് എന്നിവരാണ് നാമനിർദേശം ചെയ്‌തത്. സംഭാഷണം, പ്രാദേശിക സൗഹൃദം, നിർബന്ധിതമല്ലാത്ത നയതന്ത്രത്തിലൂടെയുള്ള സമാധാനം എന്നിവയോടുള്ള പ്രതിബദ്ധത, തായ്‌ലൻഡ് – കംബോഡിയ വെടിനിർത്തലിന് നടത്തിയ സമയോചിതമായ പങ്ക് എന്നിവ ചൂണ്ടികാട്ടിയാണ് ഇരുവരും അൻവർ ഇബ്രാഹിമിനെ നാമനിർദേശം ചെയ്‌തത്.
ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ ഭാര്യ യൂലിയ നവൽനയ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎൻ ഹൈക്കമ്മിഷണർ ഫോർ റഫ്യൂജീസ് (യുഎൻഎച്ച്സിആർ), യുഎൻആർഡബ്ല്യുഎ (യുണൈറ്റ‍്ഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ പലസ്തീൻ) തുടങ്ങിയ പേരുകളും സാധ്യത കൽപ്പിക്കപ്പെടുന്നു.



