Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിഎംആ‍ർഎൽ ഫണ്ട് വിവാദം; അന്വേഷണ നീക്കത്തെ അവഗണിക്കാൻ സിപിഐഎം

സിഎംആ‍ർഎൽ ഫണ്ട് വിവാദം; അന്വേഷണ നീക്കത്തെ അവഗണിക്കാൻ സിപിഐഎം

തിരുവനന്തപുരം: സിഎംആ‍ർഎൽ ഫണ്ട് വിവാദത്തിൽ അന്വേഷണ നീക്കത്തെ അവഗണിക്കാൻ സിപിഐഎം തീരുമാനം. നേരത്തെയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്കെതിരെയല്ലെന്നും വിശാലമായ രാഷ്ട്രീയ നീക്കമാണെന്നുമാണ് സിപിഐഎം വിലയിരുത്തൽ. സംസ്ഥാന കമ്മിറ്റിയിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

നവ കേരള സദസ്സ് വൻവിജയമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പ്രതീക്ഷയെ കവച്ചുവെയ്ക്കുന്ന വിജയെമെന്നാണ് വിലയിരുത്തൽ. പരാതികളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കാൻ സർക്കാരിന് നിർദേശം നൽകി. സദസ് സംബന്ധിച്ച് ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ സമരം സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം. സിപിഐയുമായി ആലോചിച്ച് തീയതി നിശ്ചയിക്കാൻ ധാരണയായി. ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരും. മുന്നണിയിലും സമരത്തെപ്പറ്റി ചർച്ച നടക്കും.

കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണമുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.

കമ്പനിക്കെതിരെ ആന്വേഷണത്തിന് ഉത്തരവിട്ടതോടെ കോൺഗ്രസ്, ബിജെപി പാർട്ടികൾ സിപിഐഎമ്മിനെതിരെ രംഗത്തെത്തി. അന്വേഷണം കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന സംശയമാണ് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ ഉന്നയിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ സെക്രട്ടറിയേറ്റില്‍ കയറേണ്ട സമയം കഴിഞ്ഞു. അന്തര്‍ധാരയെ ആശ്രയിച്ചായിരിക്കും അന്വേഷണം. കേരളത്തില്‍ സഹകരണ ബാങ്കുകളില്‍ കയറുക മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ ചെയ്തതെന്നും കെ മുരളീധരന്‍ വിമർശിച്ചു.

സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസി അന്വേഷണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണം. നോട്ടീസ് കിട്ടിയ ശേഷം കെഎസ്‌ഐഡിസി നൽകിയ മറുപടി എന്താണെന്ന് മന്ത്രി പി രാജീവ് പറയണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments