കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാതെ നടനും എംഎൽഎയുമായ മുകേഷ്. മുകേഷ് ജില്ലക്ക് പുറത്താണ് ഉള്ളതെന്നാണ് വിവരം. സ്വന്തം മണ്ഡലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷിന്റെ അസാന്നിധ്യം ചർച്ചയായിരിക്കുകയാണ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം പാർട്ടി പരിപാടികളിൽ മകേഷ് പങ്കെടുത്തിട്ടില്ല. സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിലാണ് അവസാനം പങ്കെടുത്തത്.
കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് സംസ്ഥാനത്തെമ്പാട് നിന്നും പങ്കെടുക്കുന്നത്. രാവിലെ മുതിർന്ന അംഗം എകെ ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്. പിബി കോർഡിനേറ്ററായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സമ്മേളനത്തിൽ വെച്ചു. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിച്ചു. സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപം ഉൾപ്പെടെ ആകർഷിക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ളതാണ് നയരേഖ. പ്രായപരിധി കർശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എകെ ബാലൻ, ആനാവൂർ നാഗപ്പൻ, പികെ ശ്രീമതി എന്നിവർ ഒഴിവാകും. പി ശശി അടക്കമുള്ളവരെ പുതുതായി ഉൾപ്പെടുത്താനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ തുടരും.



