വാഷിങ്ടൺ: സുരക്ഷാപരമായ ആശങ്കകൾ, കുറ്റകൃത്യങ്ങൾ, ആഭ്യന്തര കലാപം, തീവ്രവാദം, തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത എന്നിവയെത്തുടർന്ന് പാകിസ്താനിലേക്കുള്ള യാത്ര ‘പുനർവിചിന്തനം ചെയ്യാൻ’ പൗരന്മാരോട് അഭ്യർത്ഥിച്ച് യു.എസ്. ഈ ആഴ്ച ആദ്യം പുറത്തിറക്കിയ യാത്രാ മുന്നറിയിപ്പിൽ പാകിസ്താനെ ‘ലെവൽ 3’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തീവ്രവാദി ആക്രമണങ്ങളുടെ ഉയർന്ന അപകടസാധ്യതയെ സൂചിപ്പിക്കുന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. ഗതാഗത കേന്ദ്രങ്ങൾ, ഹോട്ടലുകൾ, വിപണികൾ, ഷോപ്പിംഗ് മാളുകൾ, സൈനിക, സുരക്ഷാ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ട്രെയിനുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവ അപകടസാധ്യതയുള്ള മേഖലാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാണിക്കുന്നു.
ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളെ ലെവൽ 4 ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യാതൊരു കാരണവശാലും ഈ പ്രദേശങ്ങളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകുന്നു.കൊലപാതകങ്ങളും, തട്ടിക്കൊണ്ടുപോകലുമെല്ലാം ഇവിടെ സാധാരണമാണെന്നും മുന്നറിയിപ്പ് നൽകി. പാകിസ്താനിൽ നിന്ന് കുടിയേറിയ അമേരിക്കൻ പൗരന്മാർക്കും ഈ മുന്നറിയിപ്പ് ബാധകമാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
പാകിസ്താനിലെ നിയമവാഴ്ച മെച്ചപ്പെടാതിരിക്കുകയും തീവ്രവാദം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ജനുവരി 24-ന് വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ദേര ഇസ്മായീൽ ഖാൻ ജില്ലയിലെ വിവാഹവീട്ടിൽ നടന്ന സ്ഫോടനത്തിൽ പാകിസ്താനിൽ 7 പേർ കൊല്ലപ്പെട്ടിരുന്നു.



