സൗത്ത് കരോലിന: അമേരിക്കയിൽ ബാറിലുണ്ടായ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നാലു പേരുടെ നിലഗുരുതരമാണ്.
സൗത്ത് കരോലിനയിലെ സെന്‍റ് ഹെലേന ദ്വീപിലെ ബാറിലാണ് വെടിവെപ്പ് നടന്നത്. ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഒരു മണിയോടെ വില്ലീസ് ബാർ ആൻഡ് ഗ്രില്ലിലാണ് സംഭവം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറിലധികം പേർ വെടിവെപ്പ് സമയത്ത് ബാറിൽ ഉണ്ടായിരുന്നു. വെടിവെപ്പിനെ തുടർന്ന് ബാറിൽ നിന്ന് പുറത്തേക്ക് ആളുകൾ ചിതറിയോടി.
അക്രമിക്കായി സൗത്ത് കരോലിന പൊലീസ് തിരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംശയമുള്ളവരുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുകയാണ്.
വെടിവെപ്പിനെ അപലപിച്ച സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പ്രതിനിധി നാൻസി മേസ്, ഹൃദയഭേദകമെന്ന് എക്സിൽ കുറിച്ചു.
വില്ലീസ് ബാറിൽ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണ് ഇന്ന് നടന്നത്. 2022 നവംബറിൽ ഈ ബാറിൽ വെടിവെപ്പ് നടന്നിരുന്നു.



