ദില്ലി : ഹരിയാനയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളിയെ കാണാതായിട്ട് മൂന്ന് മാസമാകുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡിസംബർ 11ന് താമസിക്കുന്ന മുറിയിൽ നിന്നും നഗരത്തിന് പുറത്തേക്ക് പോയ പത്തനംതിട്ട സ്വദേശി ശ്രീവിഷ്ണുവിനെ കുറിച്ച് ഇതുവരെയും ഒരു വിവരവുമില്ല. അമൃത്സറിലെത്തിയെന്ന വിവരം പൊലീസിന് കിട്ടിയെങ്കിലും അന്വേഷണം വഴിമുട്ടി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.
കാണാതായ ഡിസംബർ പതിനൊന്നിന് വീട്ടുകാരുമായി വീഡിയോ കോളിലൂടെയടക്കം വളരെ സന്തോഷത്തോടെ സംസാരിച്ചിരുന്നു. നഗരത്തിന് പുറത്തേക്കാണ് പോകുന്നതെന്ന് കെട്ടിട ഉടമയോട് പറഞ്ഞിരുന്നു. പതിനായിരം രൂപ വാട്സാപ്പിലൂടെ കടമായി ചോദിച്ചിരുന്നുവെന്നും എന്തിനാണ് പണമെന്ന് ചോദിക്കാൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നെന്നും ഉടമ പറയുന്നു. അതിനുശേഷം ഇതുവരെ ആ ഫോൺ ഓണായിട്ടില്ല. കാണാതാകുന്ന ദിവസം ധരിച്ച വസ്ത്രവും, മൊബൈൽ ഫോണുമല്ലാതെ വിഷണുവിന്റെ സാധനങ്ങളെല്ലാം മുറിയിലുണ്ട്.
ഒടുവിൽ പഞ്ചാബിലെ അമൃത്സറിൽ വിഷ്ണു എത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. കാണാതായ ദിവസം ഗുരുഗ്രാമിൽനിന്നും ദില്ലിയിലെ കശ്മീരി ഗേറ്റിലേക്ക് വിഷ്ണു പോയതായും വിവരമുണ്ട്. ദില്ലിയിൽ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ബസുകൾ പുറപ്പെടുന്ന സ്ഥലമാണ് കശ്മീരി ഗേറ്റ്. പിന്നെ ഒരു വിവരവുമില്ലെന്ന് ഗുരുഗ്രാം പൊലീസും പറയുന്നു.



