വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിനെ ആശ്രയിക്കേണ്ട അത്യാവശ്യം തങ്ങൾക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ പാതയെ ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങൾ കടലിടുക്കിന്റെ സംരക്ഷണം ഏറ്റെടുക്കണെമന്ന് ട്രംപ് ആഹ്വാനം ചെയ്തു. ഹുർമുസ് വീണ്ടും തുറന്നില്ലെങ്കിൽ ഇറാന്റെ ആണവ നിലയങ്ങൾ ആക്രമിക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. `ലോകത്ത് മറ്റൊരിടത്തും ഞങ്ങളെപ്പോലെ ഒരു രാജ്യമില്ല, ഭാവിയിലേക്കായി ഞങ്ങൾ സുരക്ഷിതരാണ്. ഹുർമുസ് കടലിടുക്കിലൂടെ അമേരിക്ക ഇപ്പോൾ എണ്ണ ഇറക്കുമതി ചെയ്യുന്നില്ല, ഭാവിയിൽ ചെയ്യുകയുമില്ല. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. മുൻപും ആവശ്യമുണ്ടായിരുന്നില്ല. ഈ പാതയിലൂടെ എണ്ണ ഇറക്കുമതി ചെയ്യുന്ന ലോകരാഷ്ട്രങ്ങൾ ആ പാത സംരക്ഷിക്കണം. അവർ അത് മുറുകെ പിടിക്കുകയും സംരക്ഷിക്കുകയും വേണം’ ട്രംപ് കൂട്ടി ചേർത്തു.
ഇറാനെതിരെയുള്ള നീക്കങ്ങളിൽ സഹകരിക്കാൻ വിമുഖത കാണിച്ച രാജ്യങ്ങൾക്ക് വേണ്ടിയാണ് ഹുർമുസ് വിഷയത്തിൽ താൻ ഇടപെട്ടതെന്ന് ട്രംപ് അവകാശപ്പെട്ടു. `പാതയെ ആശ്രയിക്കുന്ന രാജ്യങ്ങൾ തന്നെ അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം. ഇതിനായി അമേരിക്ക അവരെ സഹായിക്കും. പാത സംരക്ഷിക്കാൻ അവർ തന്നെ നേതൃത്വം നൽകണം. എന്നാൽ ഇറാനെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേരാൻ വിസമ്മതിച്ച, ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്കായി ഞങ്ങൾക്ക് ഇതിനായി മുന്നിട്ടിറങ്ങേണ്ടി വന്നു’ ട്രംപ് വിശദീകരിച്ചു. പേർഷ്യൻ ഗൾഫിനെ ഒമാൻ കടലിടുക്കുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന ഹുർമുസ് ലോകത്തിലെ 25 ശതമാനം എണ്ണയും കടന്നുപോകുന്ന നിർണ്ണായക പാതയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹുർമുസ് അതിപ്രധാനമാണ്. രാജ്യത്തിന്റെ ഊർജ ഇറക്കുമതിയുടെ 80 ശതമാനവും കടന്നുപോകുന്നത് ഹുർമുസിലൂടെയായതിനാൽ നൂറുകണക്കിന് കപ്പലുകളുടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. നിലവിലെ പ്രതിസന്ധികൾ മറികടക്കാന്‍ ട്രംപ് രണ്ട് നിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. ഒന്നുകിൽ അമേരിക്കയുടെ പക്കൽ നിന്നും എണ്ണ വാങ്ങുക, അല്ലെങ്കിൽ കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ അതിന്റെ നിയന്ത്രണം ഏറ്റെടുക്കുക. സംഘർഷം അവസാനിക്കുന്നതോടെ ഹുർമുസ് കടലിടുക്ക് സ്വാഭാവികമായും തുറക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.



