ലോസാഞ്ചലസ്: ഹോളിവുഡിലെ പ്രശസ്‌ത സംവിധായകനും നടനുമായ റോബ് റെയ്‌നറെ (78) യും ഭാര്യ മിഷേൽ റെയ്‌നറെ (68) യും ലോസാഞ്ചലസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോകത്തെ ഞെട്ടിച്ച സംഭവത്തിൽ റെയ്‌നറുടെ മകന്‍ അറസ്റ്റില്‍. കുത്തേറ്റാണ് ദമ്പതികൾ മരിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 3:30 ഓടെയാണ് ലോസാഞ്ചലസ് ഫയർ ഡിപ്പാർട്ട്‌മെൻ്റ് വൈദ്യസഹായം ആവശ്യപ്പെട്ട കോളിന് പിന്നാലെ വസതിയിലെത്തിയത്. അപ്പോഴേക്കും ദമ്പതികളുടെ ജീവൻ നഷ്‌ടപ്പെട്ടിരുന്നു. സെലിബ്രിറ്റികൾ താമസിക്കുന്ന ബ്രെൻ്റ്‌വുഡ് മേഖലയിലെ വീട്ടിലാണ് കൊലപാതകം നടന്നത്.
കേസ് റോബറി ഹോമിസൈഡ് ഡിവിഷൻ അന്വേഷിക്കുകയാണ്. നിലവിൽ ആരെയും പ്രതിയായി കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിൻ്റെ വസ്തുതകൾ അറിയാനായി കുടുംബാംഗങ്ങളോട് സംസാരിക്കാൻ ശ്രമിക്കുകയാണെന്ന് ഡിറ്റക്ടീവ് വിഭാഗം മേധാവി അലൻ ഹാമിൽട്ടൺ അറിയിച്ചു. “എ ഫ്യൂ ഗുഡ് മെൻ” (A Few Good Men), “ദ പ്രിൻസസ് ബ്രൈഡ്” (The Princess Bride), “വെൻ ഹാരി മെറ്റ് സാലി” (When Harry Met Sally) തുടങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് റോബ് റെയ്‌നർ. 1970-കളിലെ പ്രശസ്ത ടിവി പരമ്പരയായ “ഓൾ ഇൻ ദ ഫാമിലി”യിലെ ‘മീറ്റ്‌ഹെഡ്’ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. നടൻ കാൾ റെയ്‌നറുടെ മകനാണ് അദ്ദേഹം. റെയ്‌നറുടെ മരണം ഹോളിവുഡിന് വലിയ നഷ്ടമാണെന്ന് ലോസാഞ്ചലസ് മേയർ കരെൻ ബാസ് പ്രതികരിച്ചു. വീട്ടിലേക്ക് ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നതിനാൽ, അന്വേഷണം വീടിനുള്ളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
ദമ്പതികളുടെ മകനായ നിക്ക് റെയ്‌നറിനെ ലോസാഞ്ചലസ് പൊലീസ് വകുപ്പ് (LAPD) ചോദ്യം ചെയ്യുന്നതായി ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, നിലവിൽ അന്വേഷണം ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. നിക്ക് റെയ്‌നർ നേരത്തെ മയക്കുമരുന്ന് ആസക്തിയെ തുടർന്ന് ചികിത്സയിലായിരുന്നെന്ന് പൊതുവേദികളിൽ വെളിപ്പെടുത്തിയിയിരുന്നു.
ഈ അനുഭവങ്ങളെ ആസ്പദമാക്കി റോബ് റെയ്‌നർ സംവിധാനം ചെയ്ത ചിത്രമാണ് ബീയിങ് ചാർളി.



