ഉത്തരകാശി : 17 നാൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമൊടുവിൽ സിൽക്യാര രക്ഷാദൗത്യം വിജയം. നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങി മൂന്ന് ആഴ്ചയോളം മരണത്തെ മുഖാമുഖം കണ്ട 41 തൊഴിലാളികളെയും വിജയകരമായി പുറത്തെത്തിച്ചു. പുറത്തെത്തിച്ച തൊഴിലാളികളെ കേന്ദ്രമന്ത്രി വി.കെ. സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എന്നിവർ ചേർന്നു സ്വീകരിച്ചു. തൊഴിലാളികൾ പുറത്തെത്തിയതോടെ തുരങ്കത്തിനു പുറത്ത് ആഹ്ലാദാരവങ്ങൾ ഉയർന്നു. പ്രദേശവാസികൾ മധുരം പങ്കുവച്ചും ആഹ്ലാദം പങ്കുവച്ചു.
സ്ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങൾ തുരങ്കത്തിന് അകത്തേക്കു കയറിയതിനു പിന്നാലെയാണ് ഓരോരുത്തരെയായി പുറത്തെത്തിച്ചത്. സ്ട്രെച്ചറുകളിൽ എത്തിച്ചശേഷം ആംബുലൻസിലാണ് തൊഴിലാളികളെ പുറത്തേക്കു കൊണ്ടുവന്നത്. രക്ഷപ്പെടുത്തുന്നവർക്കു പ്രാഥമിക ചികിത്സ നൽകാനായി തുരങ്കത്തിനകത്തു തന്നെ താത്ക്കാലിക ഡിസ്പെൻസറി സജ്ജമാക്കിയിരുന്നു. മെഡിക്കല്‍ പരിശോധന നടത്തിയശേഷം തൊഴിലാളികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.