തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. തിങ്കളാഴ്ച പൊങ്കാല ഉത്സവം ആരംഭിക്കും. മാർച്ച് 7 നാണ് പൊങ്കാല. ക്ഷേത്ര പരിസരത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡുകളുടെ നിർമാണം പൂർത്തിയായി. ദീപാലങ്കാരങ്ങൾ സജ്ജീകരിക്കുന്ന അവസാന വട്ട ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.
കൊവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്ത ശേഷം നടത്തുന്ന ഉത്സവമായതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഭക്തർ എത്തുമെന്ന കണക്കുകൂട്ടലിലാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ. 800 വനിതാ പൊലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ പൊങ്കാല ദിനത്തിൽ സുരക്ഷയ്‌ക്കായി വിന്യസിക്കും.
നഗരത്തിലെ വിവിധ ഇടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കും. മലയാളത്തിലും തമിഴിലും അറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഡിസിപി അജിത് വി പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിശോധനകളും ബോധവത്കരണവും ശക്തമാക്കും.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 27 മുതൽ ഉത്സവപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തിക്കും. പൊങ്കാലയുടെ തലേദിവസം ഉച്ചമുതൽ പാസും ബാഡ്ജും അനുവദിച്ചിട്ടുള്ള പുരുഷൻമാർക്ക് മാത്രമേ ക്ഷേത്ര പരിസരത്തേക്ക് പ്രവേശനം അനുവദിക്കൂ.