അബുദാബി : യുഎഇയിലേക്കു വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് അനധികൃത ഏജൻസികളെയോ ഓൺലൈൻ സൈറ്റുകളെയോ സമീപിക്കരുതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അംഗീകൃത ഏജൻസികളെ മാത്രമേ ഇതിനായി ആശ്രയിക്കാവൂ. വ്യാജ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. റമസാന് മുന്നോടിയായി വീട്ടുജോലിക്കാരുടെ ആവശ്യം വർധിച്ചതോടെ മോഹന വാഗ്ദാനവുമായി ഓൺലൈൻ ഏജൻസികൾ രംഗത്ത് വന്നിരുന്നു. വൻതുക ശമ്പളവും ആകർഷക ആനുകൂല്യവും വാഗ്ദാനം ചെയ്താണ് പലരും വീട്ടുജോലിക്കാരെ വലയിൽ വീഴ്ത്തുന്നത്.
റിക്രൂട്ടിങിനു പണം വാങ്ങുന്നവരുമുണ്ട്്. തൊഴിൽ പരിചയമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ ആവശ്യക്കാർക്കു നൽകും. എന്നാൽ വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ലഭിക്കാതെ വരുന്നതോടെ തൊഴിൽ പ്രശ്നമാകുകയും ഇവരെ പറഞ്ഞുവിടുകയും ചെയ്യും. അനധികൃതമായി വരുന്ന വീട്ടുജോലിക്കാർക്ക് പകർച്ചവ്യാധി ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കാത്തതിനാൽ വീട്ടുകാർക്കും രോഗം പകരാൻ സാധ്യതയുണ്ട്. അംഗീകൃത ഏജൻസികൾ മുഖേന എത്തുന്നവർക്കു മാത്രമേ തൊഴിൽ, വേതന, ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാകൂ. 600 590000 നമ്പറിൽ ബന്ധപ്പെട്ടാൽ റിക്രൂട്ടിങ് ഏജൻസികൾ അംഗീകൃതമാണോ എന്നറിയാം. ഇവർ മുഖേന മെഡിക്കൽ പരിശോധനയും പരിശീലനവും കഴിഞ്ഞു വരുന്നവർക്ക് പൊതുവിൽ തൊഴിൽ പ്രശ്നം ഉണ്ടാകില്ല.
മണിക്കൂർ, ദിവസം, ആഴ്ച, മാസം എന്നീ അടിസ്ഥാനത്തിൽ ജോലിക്ക് അയയ്ക്കാനും സംവിധാനമുണ്ട്. വേതന സുരക്ഷാ പദ്ധതിയിൽ വീട്ടുജോലിക്കാരെയും ഉൾപ്പെടുത്തിയതിനാൽ ശമ്പളവും കൃത്യസമയത്ത് ലഭിക്കും. അംഗീകൃത ഏജൻസി മുഖേന വരുന്നവർക്ക് തൊഴിൽ പ്രശ്നമുണ്ടായാൽ മറ്റൊരിടത്തേക്കു നിയമിക്കാം. ഉടമയ്ക്ക് മറ്റൊരു ജീവനക്കാരെ നൽകും.